കുറ്റൂർ നോർത്ത്: പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായ പരിപാടികളോടെ എം എച്ച് എം എൽ.പി സ്‌കൂളിൽ ഈ വർഷത്തെ ഓണാഘോഷം ശ്രദ്ധേയമായി. കുട്ടികളുടെ തിരുവാതിരക്കളി, മാവേലി എഴുന്നള്ളത്ത്, വിവിധ നാടൻ കളികൾ എന്നിവയ്‌ക്കൊപ്പം അമ്മമാർക്കായി സംഘടിപ്പിച്ച മത്സരങ്ങളും ആഘോഷത്തിന് പുതിയൊരു ഉണർവ് പകർന്നു.
ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ വലിയ ജനശ്രദ്ധ ആകർഷിച്ചു. 14 കൂട്ടം കറികളോടെ തയ്യാറാക്കിയ പരമ്പരാഗത ഓണസദ്യ, സ്‌കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഏകദേശം പതിനഞ്ഞൂറോളം ആളുകൾക്കാണ് വിളമ്പിയത്. സദ്യയുടെ വിഭവവൈവിധ്യവും തനിമയാർന്ന രുചിക്കൂട്ടും പങ്കെടുത്തവരിൽ ഏറെ പ്രശംസ നേടി.
ചുറ്റുമുള്ള പന്ത്രണ്ടോളം സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥരും പ്രദേശത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി ഓണസദ്യയിൽ പങ്കുചേർന്നു. സ്‌കൂളിന്റെ ഈ ഒത്തുകൂടൽ ഏവർക്കും പഴയകാല ഓണക്കാലത്തിന്റെ മാധുര്യവും നൊമ്പരങ്ങളും സമ്മാനിക്കുന്നതായി മാറി.
പ്രതിസന്ധികൾക്കിടയിലും സ്‌നേഹത്തിന്റെയും കരുതലിന്റെയും മുഖമായി മാറി, ഉള്ളിൽ തട്ടി ആശ്വസിപ്പിക്കുന്ന മാതൃകാ വിദ്യാലയമായി എം എച്ച് എം എൽ.പി സ്‌കൂൾ മാറിക്കഴിഞ്ഞുവെന്ന് ഏവരും അഭിപ്രായപ്പെട്ടു. ആഘോഷങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും, അമ്മമാർക്കും, നാട്ടുകാർക്കും സ്‌കൂൾ അധികൃതർ നന്ദി അറിയിച്ചു.