വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ രാജിവെച്ചു; കാരണം വ്യക്തമാക്കാതെ നേതൃത്വം

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ രാജിവെച്ചു. ഒരു പ്രതിപക്ഷാംഗംപോലുമില്ലാതെ യു.ഡി.എഫ്. ഭരിക്കുന്ന വേങ്ങര ബ്ലോക്ക്പഞ്ചായത്തിൽ ഒരു വർഷം തികയുന്നതിനുമുൻപാണീ ഭരണമാറ്റം. പ്രസിഡന്റിനെ യു.ഡി.എഫ്. ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായിരുന്നു.

ഊരകം പഞ്ചായത്തിൽ മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളും ആദരണീയനും സൗമ്യനുമായ നേതാവുമായാണ് അണികൾ മൻസൂർകോയ തങ്ങളെ കാണുന്നത്.

കഴിഞ്ഞ അഞ്ചുവർഷം പ്രസിഡന്റ് പദവിയിലിരുന്ന് ഊരകം ഗ്രാമപ്പഞ്ചായത്ത് ഭരിച്ച ഭരണപരിചയമായിരുന്നു അദ്ദേഹത്തെ വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റെന്ന പദവിക്കർഹനാക്കിയത്. എന്തുകൊണ്ടാണീ രാജി എന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ലീഗ് നേതൃത്വം.

ഇദ്ദേഹത്തിന്റെ ഇത്രപെട്ടെന്നുള്ള രാജി സാധാരണ യു.ഡി.എഫ്. പ്രവർത്തകർക്കിടയിൽ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. എന്താണ് രാജിക്ക് കാരണം, ആരാവും അടുത്ത പ്രസിഡന്റ് തുടങ്ങിയ കാര്യങ്ങൾ സജീവ ചർച്ചയാണ്. ഒരു വിവാദവുമില്ലാത്ത സാഹചര്യത്തിൽ ഈ രാജിക്ക് കാരണം നേതൃത്വം വിശദീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണികൾ.

നേതൃത്വത്തിന് വഴങ്ങി പ്രവർത്തിക്കുന്ന ഒരു സാധാരണ പ്രവർത്തകനാണ് താനെന്നും രാജിക്ക് പ്രത്യേക കാരണങ്ങളില്ലെന്നും കെ.കെ. മൻസൂർകോയ തങ്ങൾ പറഞ്ഞു. നേതൃത്വം ആവശ്യപ്പെട്ടു, അപ്പോൾത്തന്നെ രാജി കൊടുക്കുകയും ചെയ്തു- അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ലീഗ് നേതൃത്വം ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

അറിയില്ലെന്ന് കോൺഗ്രസ്

പ്രസിഡന്റിന്റെ രാജി അവരുടെ പാർട്ടികാര്യം. പ്രസിഡന്റിന്റെ ഇത്ര പെട്ടെന്നുള്ള രാജിക്ക് കാരണമെന്തെന്നറിയില്ല. അതവരുടെ പാർട്ടികാര്യമല്ലേ!

സുലൈഖ അബ്ദുൾ മജീദ്

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം (കോൺഗ്രസ്)
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}