കക്കാടംപൊയിൽ: കൊടൈക്കനാലും ഊട്ടിയൊന്നുമല്ല, ഇപ്പോൾ കോട മഞ്ഞിൽ കുളിരണിഞ്ഞ് വൈബ് ആസ്വദിക്കാൻ നേരെ മലകയറാം.. കക്കാടംപൊയിലിലേക്ക്. ഒരാഴ്ചയായി കക്കാടംപൊയിലിലേക്കുള്ള വഴിയിലുടനീളം കനത്ത കോടയാണ്.
ഓണാവധിയാഘോഷിക്കാൻ സഞ്ചാരികളും കൂട്ടമായെത്തിയതോടെ തിരക്കുമേറെ. ഗൂഡല്ലൂരിൽ പണിമുടക്കായത് കക്കാടംപൊയിലിന് അനുഗ്രഹവുമായി.
ഓണക്കാലത്തെത്തിയ ഇടവിട്ട മഴയാണ് കക്കാടംപൊയിലിനെ മഞ്ഞിൽ കുളിപ്പിച്ചത്. തോട്ടുമുക്കം വഴി പോകുന്നവർക്ക് പീടികപ്പാറ മുതലേ ഇപ്പോൾ കോടമഞ്ഞിലൂടെ പോകാം. തൊട്ടുമുൻപിലുള്ളവരെപ്പോലും കാണാത്തത്രയും കോടയാണ് ചിലപ്പോഴൊക്കെ.
ചുമ്മാ റീൽസെടുത്ത് കോടമഞ്ഞിലൂടെ നടക്കാനും കോഴിപ്പാറ വെള്ളച്ചാട്ടമടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനുമൊക്കെ കുടുംബങ്ങൾ ഏറെയെത്തുന്നു. വാട്ടർ തീം പാർക്കുകൾ അടക്കമുള്ള സ്വകാര്യ വിനോദ കേന്ദ്രങ്ങളിലും സമയം ചെലവഴിക്കാനെത്തുന്നവരേറെ. റിസോർട്ടുകളിലും മറ്റും അവധിക്കാല ബുക്കിങ്ങും തകൃതിയാണ്.
തോട്ടുമുക്കം വഴി പോകുന്നവർക്കു മുന്നിൽ പനമ്പിലാവ് പാലം പണി കാരണം റോഡ് അടച്ചതിനാൽ മരഞ്ചാട്ടി അടക്കമുള്ള മറ്റു വഴികളിലൂടെ പോകണം. നിലമ്പൂർ വഴി പോകുന്നവർക്ക് തടസ്സമില്ല. അനൗദ്യോഗികമായി വിനോദ സഞ്ചാരികൾ കയറിയിരുന്ന ചില മൊട്ടക്കുന്നുകളിലടക്കം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
കക്കാടംപൊയിലിലെ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപം കഴിഞ്ഞ ദിവസം മലമുഴക്കി വേഴാമ്പലും വിരുന്നെത്തി. വനം ഉദ്യോഗസ്ഥർ ഇതിന്റെ ചിത്രവും പകർത്തി. സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി കക്കാടംപൊയിലിലുണ്ടെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ട്. ഇതടക്കം അപൂർവ പക്ഷികൾ കക്കാടംപൊയിലിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.