പരപ്പനങ്ങാടി: പുത്തിരിക്കൽ സ്റ്റേഡിയം റോഡിൽ കനാലിനോട് ചേർന്ന് പൊതുജനങ്ങൾക്ക് സുരക്ഷയും വെള്ളത്തിൻറെ നീരൊഴുക്ക് സുഗമമായി ഉറപ്പാക്കുന്നതിനായി സ്ഥാപിച്ചിരുന്ന സൈഡ് കെട്ട് സ്വകാര്യ വ്യക്തിയുടെ സൗകര്യത്തിനായി പൊളിച്ചുമാറ്റിയെന്നാരോപിച്ച് പരപ്പനങ്ങാടി നഗരസഭയിൽ പരാതി.
കനാലിനോട് ചേർന്നുള്ള ഭാഗത്ത് സൈഡ് കെട്ട് പൊളിച്ചതിലൂടെ പൊതുസ്ഥലത്തിന്റെ സുരക്ഷയും സംരക്ഷണവും നഷ്ടപ്പെടുന്നതോടൊപ്പം കനാലിലേക്ക് മണ്ണും മാലിന്യങ്ങളും പതിക്കുന്നതിനും അപകടസാധ്യത വർധിക്കുന്നതിനും ഇടയാക്കുമെന്നാണ് പരാതിയിലെ ആരോപണം.
പൊതുപ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, സുബൈർ പി പി, ടി.അബ്ദുറഹീം, നിയാസ് അഞ്ചപ്പുര എന്നിവർ ചേർന്നാണ് പരാതി നൽകിയത് സ്വകാര്യ വ്യക്തികളുടെ സ്വകാര്യ താൽപര്യം സംരക്ഷിക്കുന്നതിന് പുതുമുതൽ നശിപ്പിച്ചത് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം
സ്വകാര്യ വ്യക്തി യുടെ വെള്ളക്കെട്ട് ഒഴിവാകുന്നതോടൊപ്പം ടി കെട്ടിൻ്റെ സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറാനും സാധ്യതകൂടുതലായിരിക്കും പൊതുമുതലിൽ നിർമിച്ച ഘടന പൊളിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ അതിന് ആരുടെ അനുമതിയോടെയാണ് നടപടി സ്വീകരിച്ചതെന്നും, നഗരസഭയുടെ സ്വത്ത് അല്ലെങ്കിൽ പൊതുപ്രയോജനത്തിനുള്ള സൗകര്യം മാറ്റം വരുത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തി സൈഡ് കെട്ട് പൊളിച്ചതിന്റെ കാരണം, ഉത്തരവാദികളായവർ, ലഭിച്ച അനുമതികൾ എന്നിവ പരിശോധിക്കണമെന്നും, പൊതുസ്ഥലത്തിനും കനാലിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പൊതുസൗകര്യങ്ങൾ സ്വകാര്യ താൽപര്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന സാഹചര്യമുണ്ടാകരുതെന്നും, നഗരസഭയുടെ കീഴിലുള്ള പൊതുസ്ഥലങ്ങളുടെയും കനാലുകളുടെയും സംരക്ഷണത്തിൽ അധികൃതർ ജാഗ്രത പുലർത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
ഫോട്ടോ :- ഒരിക്കൽ സ്റ്റേഡിയം റോഡിൽ കനലിന്റെ സൈഡ് കെട്ട് പൊളിച്ച നിലയിൽ