പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെ 384 അവശ്യമരുന്നുകൾക്ക് വില കൂടിയേക്കും

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 384 അവശ്യമരുന്നുകളുടെ വില ഉയരാനൊരുങ്ങുന്നു. 10 മുതല്‍ 20 ശതമാനം വരെയുള്ള താല്‍കാലിക വിലവര്‍ധനയാണ് പരിഗണനയിലുള്ളത്. ഔഷധ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണം. പ്രോപ്പലീന്‍, അമോണിയ, മെത്തനോള്‍ തുടങ്ങിയ നിര്‍മാണ ഘടകങ്ങളുടെ വിലയില്‍ വലിയ വര്‍ധന ഉണ്ടായതായി മരുന്ന് നിര്‍മാതാക്കള്‍ പറയുന്നു. യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ചില ഘടകങ്ങള്‍ക്ക് 200 ശതമാനം വരെ വില കൂടിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാക്കിങ്, ഗതാഗത ചെലവുകളിലുണ്ടായ വര്‍ധനയും മരുന്ന് വില ഉയരാന്‍ കാരണമായിട്ടുണ്ട്.
പാരസെറ്റമോള്‍, അമോക്‌സിസിലിന്‍, അസിത്രോമൈസിന്‍, അംലോഡിപിന്‍, അറ്റോര്‍വസ്റ്റാറ്റിന്‍, ഡെക്‌സമെതസോണ്‍, അസ്‌കോര്‍ബിക് ആസിഡ് തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്കാണ് വില കൂടാന്‍ സാധ്യതയുള്ളത്. മരുന്ന് വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ദേശീയ ഔഷധവില നിയന്ത്രണ സമിതി, ഔഷധ മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവ തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. താല്‍കാലിക ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്ചറിങ് അസോസിയേഷന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു.

സാഹചര്യം സാധാരണ നിലയിലാകുമ്പോള്‍ പിന്‍വലിക്കാനാകുന്ന തരത്തില്‍ ഒറ്റത്തവണ വിലവര്‍ധനയാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. മഴ ശക്തമായതോടെ മഴക്കാല രോഗങ്ങളും വ്യാപകമാകുന്ന സാഹചര്യത്തില്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളുടെ വില ഉയരുന്നത് സാധാരണ ജനങ്ങള്‍ക്ക് വലിയസാമ്പത്തികഭാരമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}