ചേളാരിയുടെ കാത്തിരിപ്പിന് വിരാമം; പുതിയ ഫയർ സ്റ്റേഷന് ബജറ്റിൽ പച്ചക്കൊടി

ജനങ്ങളുടെയും വ്യാപാരികളുടെയും ദീർഘകാല ആവശ്യമായ ചേളാരി ഫയർ സ്റ്റേഷൻ ഒടുവിൽ സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചു. ചേളാരിയിൽ പുതിയ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

കരിപ്പൂർ നാലുവരിപ്പാതയും കോട്ടക്കുന്ന് ടൂറിസം വികസനവും ഉൾപ്പെടെ ജില്ലയ്ക്ക് വലിയ പരിഗണന ലഭിച്ച ബജറ്റിൽ വള്ളിക്കുന്ന് മണ്ഡലത്തിനും ഈ പ്രഖ്യാപനത്തിലൂടെ തിളക്കമാർന്ന നേട്ടമാണ് കൈവന്നിരിക്കുന്നത്.

ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ചേളാരിയും പരിസര പ്രദേശങ്ങളും വൻതോതിൽ വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ-വ്യവസായിക കേന്ദ്രമാണ്. കാലിക്കറ്റ് സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും വലിയ ജനസാന്ദ്രതയുമുള്ള ഈ മേഖലയിൽ ഒരു അഗ്നിശമനസേനാ കേന്ദ്രമില്ലാത്തത് വലിയ പോരായ്മയായിരുന്നു.

നിലവിൽ മലപ്പുറത്തോ മീഞ്ചന്തയിൽ ഉള്ള ഫയർ സ്റ്റേഷനുകളെയാണ് അടിയന്തര ഘട്ടങ്ങളിൽ ഈ മേഖലയിലുള്ളവർ ആശ്രയിച്ചിരുന്നത്. അവിടെ നിന്നും വണ്ടികൾ എത്തിച്ചേരുമ്പോഴേക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുന്നത് പതിവായിരുന്നു.

ചേളാരിയിൽ പുതിയ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതയിലുണ്ടാകുന്ന അപകടങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും മിനിറ്റുകൾക്കകം രക്ഷാപ്രവർത്തനം നടത്താൻ സാധിക്കും. കൊണ്ടോട്ടി, ചെമ്മാട്, പരപ്പനങ്ങാടി, തിരൂരങ്ങാടി പ്രദേശങ്ങൾക്ക് ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}