മലപ്പുറം: വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ലഹരി വ്യാപനം തടയുന്നതിനും സമൂഹത്തിൽ തുടർച്ചയായ ബോധവൽക്കരണ പരിപാടികൾ അനിവാര്യമാണെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ് പറഞ്ഞു. റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം (റാഫ്) മലപ്പുറം ഏ.ആർ. നഗറിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ സമ്മേളനവും ലഹരിവിരുദ്ധ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡുകളിലെ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ശാസ്ത്രീയമായ വികസനം സാധ്യമാക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റോഡ് സുരക്ഷ, ലഹരിവിമുക്ത സമൂഹം, പകർച്ചവ്യാധി നിയന്ത്രണം, പരിസര ശുചീകരണം തുടങ്ങിയ മേഖലകളിൽ വീട്ടമ്മമാരുടെ ക്രിയാത്മകമായ ഇടപെടലുകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. റാഫിന്റെ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്' എന്ന സന്ദേശം ഏറെ അർത്ഥവത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏ.ആർ. നഗർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.എം. അബ്ദു അധ്യക്ഷത വഹിച്ചു. റോഡ് സുരക്ഷാ ലഘുലേഖയുടെ പ്രകാശനം ഏ.ആർ. നഗർ പഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി നിർവഹിച്ചു.
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ടി.പി. യൂസഫ് റോഡ് സുരക്ഷാ ക്ലാസെടുത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. ജിജു ജോസ്, അസിസ്റ്റൻ്റ് കമ്മീഷണർ എ. പ്രദീപ് റാവു എന്നിവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകി.
സക്കീന പുൽപ്പാടൻ, കെ.ടി.എ. സമദ്, കാമ്പ്രൻ കരീം, വിജയൻ ആലപ്രത്ത്, എ.പി. ഹംസ, എ.പി. അസീസ്, പുള്ളിശ്ശേരി മുസ്‌തഫ, കെ.കെ. കുഞ്ഞിമുഹമ്മദ്, കെ.സി. അബ്ദുറഹിമാൻ, പി.കെ. മൂസ ഹാജി, എ.പി. ബാവ, പി.സി. ഹുസൈൻ ഹാജി, കെ.കെ. മൊയ്ദീൻകുട്ടി, മൊയ്ദീൻ കുട്ടി മാട്ടറ, പി.പി. അഷ്കർ അലി, നഫീസ ടീച്ചർ, വി.ടി. ഇക്ബാൽ, കല്ലാക്കൻ ലത്തീഫ്, പി.കെ. കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. റാഫ് മേഖല പ്രസിഡണ്ട് കരീം കാമ്പ്രൻ സ്വാഗതവും എ.കെ. ഹംസ നന്ദിയും പറഞ്ഞു.