തിരുവനന്തപുരം: കാലവർഷം ശക്തികുറഞ്ഞാൽ മലപ്പുറം കൂരിയാട് ദേശീയപാത പൊളിച്ച് തൂണുകളിൽ ഉയർത്തി (വയഡക്ട്) പുനർനിർമിക്കുമെന്ന് കരാർ കമ്പനി. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ്കുമാർ യാദവുമായുള്ള കൂടിക്കാഴ്ചയിലാണ് കരാർ കമ്പനിയായ കെ.എൻ.ആർ.സി.എൽ എം.ഡി നരസിഹ റെഡ്ഡി ഇക്കാര്യം വിശദീകരിച്ചത്.
തകർന്ന നിർമിതി പൊളിച്ചു മാറ്റിയ ശേഷമേ നിർമാണം പുനരാരംഭിക്കാനാവൂവെന്നും അതിന് മഴ കുറയുന്നതുവരെയുള്ള സമയം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം എൻ.എച്ച് ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകിനെയും അറിയിച്ചു.
മണ്ണ് പരിശോധന റിപ്പോർട്ട് പരിഗണിച്ചശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്ന് എം.ഡി വിശദീകരിച്ചു. ഈ ശിപാർശ ദേശീയപാത വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ, മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടൽ തെറ്റിച്ചെന്നാണ് കമ്പനി വിലയിരുത്തൽ.
അപ്രോച്ച് റോഡിന്റെ വീതികുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറക്ക് വീതികൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിനിടയാക്കിയെന്നാണ് നിഗമനം.