മക്ക: ലോകത്തിന്റെ നാനാദിക്കുകളിൽനിന്നെത്തിയ 18 ലക്ഷത്തോളം തീർഥാടകർ പങ്കുചേരുന്ന ഹജ്ജിന് ബുധനാഴ്ച തുടക്കം. ആർദ്രമായ പ്രാർഥനാന്തരീക്ഷത്തിൽ ‘ദൈവത്തിന്റെ വിളി കേൾക്കുന്നു’ എന്ന അർഥമുള്ള ‘ലബ്ബൈക്’ മന്ത്രധ്വനികളുരുവിട്ട് ശുഭ്രവസ്ത്രങ്ങളണിഞ്ഞ തീർഥാടകർ മുഴുവൻ എത്തുന്നതോടെ മിന താഴ്വാരം പാൽക്കടലായി മാറും.
ഒരു മാസം മുമ്പ് മുതൽ അതത് രാജ്യങ്ങളിൽനിന്നെത്തി മക്കയിലെ വിവിധ ഭാഗങ്ങളിലെ താമസകേന്ദ്രങ്ങളിൽ കഴിഞ്ഞുവന്ന തീർഥാടകർ ചൊവ്വാഴ്ച വൈകീട്ട് മുതൽ മിന ലക്ഷ്യമാക്കി ശാന്തമായി ഒഴുകിത്തുടങ്ങിയിരുന്നു.
ഹജ്ജിന്റെ ആദ്യദിനമാണ് ബുധനാഴ്ച. തീർഥാടകർ ഈ ദിനം തങ്ങുന്നത് മിനയിലാണ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിന താഴ്വരയിലാകെ രണ്ട് ലക്ഷത്തോളം തമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ബുധനാഴ്ച ഉച്ചയോടെ ഭൂരിഭാഗം തീർഥാടകരും മിനയിൽ എത്തും. തിരക്കൊഴിവാക്കാൻ ബുധനാഴ്ച രാത്രിയിൽതന്നെ അറഫയിലേക്ക് ഹാജിമാർ നീങ്ങിത്തുടങ്ങും.
ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴാഴ്ചയാണ്. ബുധനാഴ്ച പ്രാർഥനകളുമായി മിനയിൽ തങ്ങുന്ന ഹാജിമാർ വ്യാഴാഴ്ച ഉച്ചക്ക് മുമ്പായി അറഫ മൈതാനിയിലേക്ക് എത്തും. ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങ് അറഫ സംഗമമാണ്. അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചകവചനം.
പ്രവാചകന്റെ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന അറഫ പ്രഭാഷണം ളുഹ്ർ (ഉച്ച നമസ്കാര) സമയത്താണ് നടക്കുന്നത്. സൗദിയിലെ മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. സാലിഹ് ബിൻ ഹുമൈദ് അറഫ പ്രഭാഷണം നിർവഹിക്കും. ഇത്തവണ മലയാളം ഉൾപ്പെടെ 34 ലോക ഭാഷകളിൽ പ്രഭാഷണം പരിഭാഷപ്പെടുത്തും.
ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനയിൽ തിരിച്ചെത്തും. അവിടെ മൂന്നു ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക. ബലിയറുക്കൽ, മൂന്നു ദിവസത്തെ ജംറയിൽ കല്ലേറ് കർമം, മക്ക മസ്ജിദുൽ ഹറാമിലെത്തി പ്രദക്ഷിണം എന്നിവയാണ് ബാക്കി കർമങ്ങൾ. ഇതെല്ലാം പൂർത്തിയാകുന്നതോടെ ഈ വർഷത്തെ ഹജ്ജ് അവസാനിക്കും. രോഗികളായി ആശുപത്രികളിലുള്ള തീർഥാടകരെ റോഡ്, എയർ ആംബുലൻസുകളിൽ അറഫയിൽ എത്തിക്കും. മദീനയിൽനിന്നുള്ള രോഗികളെ നേരത്തേ മക്കയിലെ ആശുപത്രികളിൽ എത്തിച്ചിരുന്നു.
പ്രധാന ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ നാലുനാൾ തീർഥാടകരുടെ താമസം മിനയിലാണ്. ഹജ്ജിലെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിന താഴ്വാരം. ദുൽഹജ്ജ് 13 വരെ ഈ താഴ്വാരം പ്രാർഥനാമന്ത്രണങ്ങളാൽ ഭക്തിസാന്ദ്രമായിരിക്കും.
ഇത്തവണ മിനയിലെ തമ്പുകൾ കൂടുതൽ സൗകര്യങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്. തമ്പുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കോൺക്രീറ്റ് കിച്ചണുകളും ടോയ്ലറ്റ് സൗകര്യവും പുതുതായി പണിതിട്ടുമുണ്ട്. തമ്പുകൾക്ക് പുറമെ മലഞ്ചെരുവിലായി ആറ് മിന റെസിഡൻഷ്യൽ ടവറുകളും 11 കിദാന ടവറുകളും ഒരുക്കിയിട്ടുണ്ട്. സൗദിയിൽനിന്നുള്ളവർ ഉൾപ്പെടെയുള്ള തീർഥാടകർക്ക് ഇവിടെ താമസിക്കാം. ഹൈടെക് സംവിധാനങ്ങളുള്ള ടവറുകളിൽ ഹോട്ടലിന് സമാനമാണ് സൗകര്യങ്ങൾ.