കരിപ്പൂരിലെ റെസ നിർമാണം പൂർത്തിയായത് 29 ശതമാനം മാത്രം

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെസ (റൺവെ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരണം ഒരുവർഷത്തിനിടെ പൂർത്തിയായത് 29 ശതമാനം മാത്രം. റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസയുടെ നീളം 150 മീറ്ററിൽ നിന്ന് 240 മീറ്ററാക്കി ഉയർത്തുന്ന പ്രവൃത്തിയാണ് ഇഴയുന്നത്.

കഴിഞ്ഞവർഷം ഡിസംബർ അവസാനമാണ് റെസ നിർമാണത്തിന് മണ്ണിട്ടുയർത്താൻ തുടങ്ങിയത്. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്‌ഷൻ ലിമിറ്റഡ് കമ്പനിക്ക് 2023 ഡിസംബർ 18-ന് റെസ നിർമാണത്തിന് കരാർ ലഭിച്ചിരുന്നു. 19 മാസമാണ് സമയം അനുവദിച്ചത്.

സാങ്കേതിക കുരുക്കിൽപ്പെട്ട് 11 മാസത്തോളം വൈകിയാണ് പണി തുടങ്ങിയത്. റൺവേയുടെ നിരപ്പിൽ മണ്ണിട്ടുയർത്തുന്നതിന് 35 ലക്ഷം ഘനമീറ്റർ മണ്ണ് ആവശ്യമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് അധികം അകലെയല്ലാതെ മണ്ണു ലഭ്യമാകുന്ന സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും ഖനനാനുമതി നേടിയെടുക്കുന്നതിൽ കാലതാമസം നേരിട്ടു. ഇതോടെയാണ് തുടക്കത്തിൽത്തന്നെ പ്രവർത്തനങ്ങൾ മന്ദഗതിയിലായത്.

കരാർപ്രകാരം ഡിസംബർ 31-ന് റെസ നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നു. പ്രവൃത്തി തുടങ്ങാൻ വൈകുകയും പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്തതോടെ കരാർകമ്പനി കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതുപ്രകാരം അടുത്ത മാർച്ച് 26-ലേക്ക് നീട്ടിനൽകിയിട്ടുണ്ട്.

മഴക്കാലത്ത് നിർമാണപ്രവർത്തനങ്ങൾ നടക്കാത്തത് മുൻനിർത്തി മൂന്നു മാസം അധികസമയം അനുവദിച്ചാണ് 19 മാസം കരാർ കമ്പനിക്ക് അനുവദിച്ചത്. നിർമാണസമയത്തിനുള്ളിൽ ഒരു മഴക്കാലമാണ് കണക്കാക്കിയിരിക്കുന്നത്.

റെസ നിർമാണം പൂർത്തിയായാൽ മാത്രമേ കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് സാധ്യമാകൂ. 2020-ൽ വിമാനദുരന്തത്തെത്തുടർന്നാണ് വലിയ വിമാനങ്ങളുടെ സർവീസ് പിൻവലിച്ചത്. കരിപ്പൂരിൽനിന്ന് കൂടുതൽ സർവീസ് നടത്താൻ പ്രമുഖ വിദേശവിമാനക്കമ്പനികളടക്കം താത്പര്യപ്പെടുമ്പോഴാണ് റെസ നിർമാണം മന്ദഗതിയിൽ തുടരുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}