കുഴിപ്പുറം: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സിൻസിയർ കലാ കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടിയും രക്തദാന രംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവെക്കുന്നവരെ ആദരിക്കലും സംഘടിപ്പിച്ചു.
ക്ലബ്ബിന്റെ ട്രഷറർ കൂടിയായ മുസ്തഫ എ.പി.യെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. 25 തവണ രക്തദാനം നടത്തി മാനുഷിക സേവനത്തിന്റെ ഉത്തമ മാതൃകയായി മാറിയതിനാണ് മുസ്തഫയെ ആദരിച്ചത്. ബ്ലഡ് ഡോണേഴ്സ് കേരള (BDK) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറിയും നെഹ്റു യുവ കേന്ദ്ര വേങ്ങര ബ്ലോക്ക് കോഡിനേറ്ററുമായ അസ്‌ലം ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്തഫയ്ക്ക് ഉപഹാരങ്ങൾ സമ്മാനിച്ച അദ്ദേഹം, തുടർന്ന് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസും നയിച്ചു.
സിൻസിയർ ക്ലബ്ബ് പ്രസിഡന്റ് മുസ്തഫാ എ.ടി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സലിം എ.എ. സ്വാഗതം ആശംസിച്ചു. ആദരം ഏറ്റുവാങ്ങിയ മുസ്തഫ എ.പി. തന്റെ രക്തദാന യാത്രയിലെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. ചടങ്ങിൽ സമദ് പലാട്ടിൽ, സത്താർ കെ.പി., ജയേഷ്, ശരീഫ് പി.പി. എന്നിവർ ആശംസകൾ അർപ്പിച്ചു. റഹൂഫ് കെ.പി. നന്ദി പ്രകാശിപ്പിച്ചു.