ഊരകം: റംസാൻ മാസത്തിൽ പ്രത്യേകമായി ആരംഭിച്ച വിവിധ സോഡകൾ, ഉപ്പിലിട്ടത്, മറ്റു പാനീയങ്ങൾ എന്നിവയുടെ വിൽപ്പന ഊരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ആകുമെന്ന് മനസ്സിലാക്കിയാണ് നിരോധനം.
ജലജന്യ രോഗങ്ങളും, ഭക്ഷ്യജന്യ രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ റംസാൻ സ്പെഷ്യൽ സോഡ, മസാല, ഉപ്പിലിട്ടത്, മറ്റു പാനീയങ്ങൾ വഴിയോര ഭക്ഷ്യ പാനീയ കച്ചവടങ്ങൾ എന്നിവക്ക് ഊരകം പഞ്ചായത്ത് പരിധിയിൽ നിരോധനം ഏർപ്പെടുത്തിയതായി ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഊരകം പി എച് സി മെഡിക്കൽ ഓഫീസറും അറിയിച്ചു. ഇത്തരം കച്ചവടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജന ആരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം വസ്തുക്കളുടെ വിൽപ്പന സജീവമാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ രാത്രികാലങ്ങളിൽ ഇവ കഴിക്കാനായി പുറത്തിറങ്ങുന്നത് പതിവാണ്. എന്നാൽ ഇത്തരം വസ്തുക്കൾ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകിയിരുന്നു.