ചൈൽഡ് ഹെൽപ്പ് ലൈൻ: പ്രവര്‍ത്തനം ആരംഭിച്ച്‌ പത്തു ദിവസത്തിനകം ലഭിച്ച 67 പരാതിയിലും സത്വര നടപടി സ്വീകരിച്ചു

ആരോഗ്യവും സന്തോഷവുമുള്ള ബാല്യം ഓരോ കുഞ്ഞിനും ഉറപ്പുനല്‍കുകയാണ് ജില്ലയിലെ ചൈല്‍ഡ് ഹെല്‍പ് ലൈൻ സേവന സര്‍വീസ്.

പ്രവര്‍ത്തനം ആരംഭിച്ച്‌ പത്തു ദിവസത്തിനകം ലഭിച്ച 67 പരാതിയിലും സത്വര നടപടികളും സ്വീകരിച്ചു.

മാതാപിതാക്കളുടെ മദ്യപാനം മൂലമുണ്ടാകുന്ന അതിക്രമങ്ങള്‍, അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന മോശം പ്രതികരണങ്ങള്‍, കുഞ്ഞുങ്ങള്‍ക്കെതിരായ പീഡന ശ്രമങ്ങള്‍, ഷെല്‍റ്റര്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി പരാതികളാണ് ലഭിച്ചത്. നിലവില്‍ അഞ്ച് പോക്സോ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഭയം ആവശ്യമുള്ള കുഞ്ഞുങ്ങളെ രണ്ടത്താണിയിലെ ശാന്തിഭവനിലേക്കും തവനൂരിലെ ചില്‍ഡ്രൻസ് ഹോമിലേക്കുമാണ് മാറ്റുന്നത്.

മൂന്നു കുട്ടികളെ ഇത്തരത്തില്‍ അഭയം നല്‍കിയിട്ടുള്ളത്. സര്‍ക്കാരിന്‍റെ പൂര്‍ണ നിയന്ത്രണത്തില്‍ ശിശുസംരക്ഷണ യൂണിറ്റിലാണ് 24 മണിക്കൂറും ഓഫീസിന്‍റെ പ്രവര്‍ത്തനം. കുട്ടികള്‍ക്കെതിരായുള്ള ലൈംഗികവും ശാരീരികവുമായ പീഡനം, ആക്രമണം, ഭിക്ഷാടനം, അശരണരായ കുട്ടികള്‍ക്ക് അഭയം ഒരുക്കല്‍ തുടങ്ങി കുഞ്ഞുങ്ങള്‍ക്കെതിരായ വിഷയത്തിലും വളരെ വേഗത്തില്‍ സേവനം ലഭ്യമാകും. 

ഒരു പ്രൊജക്‌ട് കോ-ഓര്‍ഡിനേറ്റര്‍, ഒരു കൗണ്‍സിലര്‍, മൂന്ന് സൂപ്പര്‍വൈസര്‍, മൂന്ന് കേസ് വര്‍ക്കര്‍ തുടങ്ങി എട്ടു ജീവനക്കാരുടെ സേവനമാണ് ലഭ്യമാക്കുന്നത്. 

ഓരോ കുട്ടിക്കും ആരോഗ്യവും സന്തോഷവുമുള്ള ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവൻ കഴിവുകളും കണ്ടെത്തി വളരാൻ സഹായിക്കുക, കുട്ടികളുടെ വികസനത്തിന് സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് മിഷൻ വാത്സല്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ് ലൈനിന്‍റെ ലക്ഷ്യം.

ബാലനീതി നിയമം, വിദ്യാഭ്യാസ അവകാശനിയമം, പോക്സോ, ബാലവേല എന്നീ നിയമങ്ങള്‍ ഫലവത്തായി നടപ്പാക്കുകയും ശൈശവ വിവാഹത്തെ തടയുകയും ചൈല്‍ഡ് ഹെല്‍പ് ലൈനിന്‍റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. 18ന് വയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ചൈല്‍ഡ് ഹെല്‍പ് ലൈനിന്‍റെ സേവനം ഉപയോഗപ്പെടുത്താം.

മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലാണ് ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും 112 എന്ന നന്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള സേവനം ലഭിക്കും. 112 നന്പര്‍ പരിചിതമാകുംവരെ 1098ഉം തുടരും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}