വേങ്ങര: വേങ്ങരയിൽ ചെറുകിട ജലസേചന വിഭാഗം സെക്ഷൻ ഓഫീസ് അനുവദിച്ച് സർക്കാർ ഉത്തരവായി. വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് മെമ്പറായ യൂസുഫലി വലിയോറ സ്ഥലം എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനും ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നൽകിയ നിവേദനത്തെ തുടർന്നാണ് ഓഫീസ് അനുവദിച്ച് സർക്കാർ ഉത്തരവായത്.
തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസ് വിഭജിച്ചാണ് വേങ്ങരയിൽ പുതിയ ഓഫീസ് അനുവദിച്ചിട്ടുള്ളത്. വേങ്ങരയിൽ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസ് ഇല്ലാത്തതിനാൽ കാർഷിക ജലസേചന പദ്ധതികൾ പാടെ താളംതെറ്റിയ അവസ്ഥയിലായിരുന്നു. ഓഫീസ് അനുവദിച്ചതോടെ ഈ വിഷയത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്.
വേങ്ങരപഞ്ചായത്ത് പതിനേഴാം വാർഡിലെ വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപമുള്ള ജലനിധിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിക്കുക. വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി 5000 കൃഷി സ്ഥലമുണ്ട്. 15ലധികം പാടശേഖരങ്ങളും ഉണ്ട് ഇവിടങ്ങളിലെ കാർഷിക വികസനത്തിന് കൂടുതൽ ഉണർവേകാൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും വേങ്ങര നിയോജക മണ്ഡലം പരിധിയും 7 പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ചെറുകിട ജലസേചന വിഭാഗം ഓഫീസ് വേണമെന്ന് കർഷകരുടെയും വിവിധ ജനപ്രതിനിധികളുടെയും കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്.
വേങ്ങര, എ.ആർ നഗർ, തെന്നല, എടരിക്കോട് എന്നീ പഞ്ചായത്തുകളിലെ കർഷകരുംജനപ്രതിനിധികളുമാണ് ആവശ്യവുമായി രംഗത്തിറങ്ങിയിരുന്നത്. ഈപഞ്ചായത്തുകൾ എല്ലാം നിലവിൽ തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിന് കീഴിലായിരുന്നു. നിലവിൽ തിരൂരങ്ങാടി ഓഫീസിൽ ജോലിഭാരം കൂടിയതിനാൽ കാർഷിക ജലസേചന പദ്ധതികൾക്ക് അപര്യാപ്തമായ അവസ്ഥയും അടിസ്ഥാന കാർഷിക ജലസേചന പദ്ധതികൾ തയ്യാറാക്കുന്നതിന് തടസ്സവും നേരിട്ടിരുന്നു.ഓരോ വർഷവും ലഭ്യമാകുന്ന ഫണ്ടുകൾ ഇത്രയും ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനും പ്രയാസങ്ങൾ നിലനിന്നിരുന്നു.പുതിയ സാഹചര്യത്തിൽ വേങ്ങര കേന്ദ്രീകരിച്ച് ചെറുകിട ജലസേചന വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ഓഫീസ് തുടങ്ങുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും എന്നാണ് കർഷകരുടെയും ജനപ്രതികളുടെയും പ്രതീക്ഷ. വേങ്ങര സെക്ഷൻ ഓഫീസ് അനുവദിച്ച ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും സ്ഥലം എം.എൽ.എ പികെ കുഞ്ഞാലിക്കുട്ടി സാഹിബിനെയും വിവിധ കർഷക സംഘടനകളും ജനപ്രതിനിധികളും അഭിനന്ദിച്ചു.