തിരൂരങ്ങാടി: വീട്ടുകാർ പുറത്തു പോയ തക്കത്തിന് മോഷണം. മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം.
സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ച ശേഷം മമ്പുറത്ത് സമ്മേളനത്തിന് പോയതായിരുന്നു. രാത്രി തിരിച്ചു വന്നപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാൽ ഇന്നലെ (ശനിയാഴ്ച) രാവിലെയാണ് മോഷണം പോയത് അറിയുന്നത്.
പെട്ടിയിൽ സൂക്ഷിച്ചിരുന്ന പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും കവർന്നതായാണ് പരാതി. സംഭവത്തിൽ സലീമിന്റെ കുടുംബം പോലീസിൽ പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.