വേങ്ങര: ഗുരു താമസ്വാമിയുടെ നാമധേയത്തിൽ വേങ്ങര തളി ശിവക്ഷേത്രാങ്കണത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം നാളെ ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുലർച്ചെ അഞ്ചിന് ഗണപതി
ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
വേങ്ങരയുടെ മാനവ മനസ്സിനെയാകെ ജാതി മത വർണ്ണ ഭേദമന്യേ ഹൃദയത്തോട് ചേർത്തു വച്ച വ്യക്തിത്വമായിരുന്നു ഗുരു താമസ്വാമി. ഒരു ദേശത്തെയാകെ അയ്യപ്പ ഭക്തിയുടെ നിറവിലേക്കെത്തിക്കാൻ ഗുരു താമസ്വാമിക്കായി. അതുകൊണ്ടു തന്നെ ഈ ദേശത്തിന്റെ ഗുരു സ്വാമിയായി മാറാൻ അദ്ദേഹത്തിന് സാധിച്ചു.
മാനവികതയുടെയും ഐക്യത്തിന്റെയും പ്രതീകമായിരുന്ന ഗുരു താമസ്വാമിയുടെ സ്മരണാർത്ഥം വേങ്ങര തളിക്ഷേത്രാങ്കണത്തിൽ വച്ച് നടത്തുന്ന നാടിന്റെ ഉത്സവം ധന്യമാക്കാൻ ഏവരെയും ക്ഷണിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
പാണക്കാട് കൊടപ്പനക്കൽ തറവാടിന്റെ ഒരു പ്രതിനിധിയാൽ വിശിഷ്ടമാക്കുന്ന ഈ മുഹൂർത്തം, നാടിന്റെ ഒരുമയേയും സാഹോദര്യത്തെയും ഊട്ടി ഉറപ്പിക്കാനും മാനവ മനസ്സിനാകെ വെളിച്ചമേകാനുമുതകുന്ന സന്ദേശം കൂടി നൽകുന്നു എന്നും കൂട്ടിച്ചേർത്തു.
വേങ്ങരയുടെ സാഹോദര്യവും കൂട്ടായ്മയും കൂടുതൽ ഇഴ ചേർന്നു നിൽക്കാൻ നാടിന്റെ മഹോത്സവത്തിലേക്ക് ഏവരേയും ഹൃദ്യമായി സംഘാടക സമിതി സ്വാഗതം ചെയ്യുകയും ചെയ്തു.
പറാട്ട് മണികണ്ഠൻ, ഇടത്തിൽ ശശിധരൻ, കെ പത്മനാഭൻ, സുരേഷ് കടവത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.