കോട്ടയ്ക്കൽ നഗരസഭയിൽ ലീഗ് -സി.പി.എം. പ്രവർത്തകർ ഏറ്റുമുട്ടി

കോട്ടയ്ക്കൽ: നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷയ്ക്ക് അനുവദിച്ച ഓഫീസ് മുറിയെച്ചൊല്ലി സി.പി.എം -ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി. പോലീസെത്തി ലാത്തിവീശിയാണ് പ്രശ്നം പരിഹരിച്ചത്. ലാത്തിച്ചാർജിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്കു പരിക്കേറ്റു.

സ്ഥിരംസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞദിവസം നടന്നിരുന്നു. സി.പി.എമ്മിലെ പി. സരളയെ വികസന സ്ഥിരംസമിതി അധ്യക്ഷയായി തിരഞ്ഞെടുത്തിരുന്നു. ഡോ. ഹനീഷ വികസന സ്ഥിരംസമിതി അധ്യക്ഷയായിരുന്നപ്പോൾ നഗരസഭാധ്യക്ഷയോടു ചേർന്ന മുറിയാണ് അനുവദിച്ചിരുന്നത്. എന്നാൽ സി.പി.എമ്മിലെ സരളയ്ക്കാകട്ടെ കെട്ടിടത്തിന്റെ മുകൾനിലയിലാണ് ഓഫീസ് അനുവദിച്ചത്. നേരത്തേ ഉപയോഗിച്ച വികസന സ്ഥിരംസമിതി ഓഫീസ് പൊതുമരാമത്ത് അധ്യക്ഷനും നൽകി. ഇതിനെതിരേ സി.പി.എം. കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. മരാമത്ത് അധ്യക്ഷന്റെ പേരെഴുതിയ ബോർഡ് ഓഫീസിന് മുന്നിൽ നിന്ന് സി.പി.എം. പ്രവർത്തകർ എടുത്തുമാറ്റി. ഇതോടെ ലീഗ് -സി.പി.എം. പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസെത്തി ലാത്തിവീശിയത്.

ഓഫീസ് മുറി മാറ്റത്തോടു യോജിക്കാൻ കഴിയില്ലെന്നും ഇടതുപക്ഷ കൗൺസിലർമാർ വ്യക്തമാക്കി.

നഗരസഭാധ്യക്ഷ ഡോ. കെ. ഹനീഷ, ഇടതുപക്ഷ കൗൺസിലർമാർ എന്നിവരുമായി താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. ഫെബ്രുവരി മൂന്നിന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമാനമുണ്ടാകും വരെ ഓഫീസ് മുറി അടച്ചിടാനും ധാരണയായി.

മലപ്പുറം ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. ബിനു, മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘമാണ് സ്ഥലത്തെത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}