മലപ്പുറം: കടുത്ത ചൂടിൽ സന്ദർശകരുടെ എണ്ണം കുറഞ്ഞ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ. മുൻവർഷത്തേക്കാൾ ചൂട് കൂടിയ ഫെബ്രുവരി മുതൽ മേയ് വരെ 30 ശതമാനത്തിലധികം സന്ദർശകരാണ് കുറഞ്ഞത്. ആളുകളുടെ വരവ് കുറഞ്ഞതോടെ വരുമാനത്തിലും വലിയ ഇടിവുണ്ടാക്കി.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ 16 കേന്ദ്രങ്ങളാണുള്ളത്. അവധിക്കാലത്ത് തിങ്ങിനിറയാറുള്ള കോട്ടക്കുന്ന്, പടിഞ്ഞാറേക്കര, നിളയോരം, ആഢ്യൻപാറ, ശാന്തിതീരം തുടങ്ങിയ ഇടങ്ങളിലെല്ലാം സന്ദർശകർ കുത്തനെ കുറഞ്ഞു.
വിഷു, പെരുന്നാൾ ആഘോഷദിവസങ്ങളിലും അധികമാരും എത്തിയില്ല. കടലിനോടുചേർന്നുള്ള വിനോദകേന്ദ്രങ്ങളിലും വിരളമായിരുന്നു സന്ദർശകർ.
പകൽനേരത്ത് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദേശവും സന്ദർശകരുടെ എണ്ണക്കുറവിന് കാരണമായി. മിക്കയിടത്തും അഞ്ചുമണിക്കു ശേഷമാണ് ജനങ്ങളെത്തുന്നത്. റംസാൻ വ്രതത്തിന്റെ നാളുകളായതും കുറവിന് കാരണമായി. കോവിഡ് കാലത്തുണ്ടായ നഷ്ടങ്ങളിൽനിന്ന് കരകയറുന്നതിന്റെ ആശ്വാസത്തിനിടെയാണ് ഈ വരുമാനക്കുറവ്.