തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റിലൂടെ മെറിറ്റ് സീറ്റുകൾ ഏറക്കുറെ നികത്തിയിട്ടും പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിലെ മുക്കാൽ ലക്ഷം പേർക്ക് ഇപ്പോഴും സീറ്റില്ല. ഏകജാലക പ്രവേശനത്തിലുള്ള മെറിറ്റ് സീറ്റുകൾക്ക് പുറമെ, സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ്, അൺഎയ്ഡഡ് ക്വോട്ട സീറ്റുകളിലെ പ്രവേശനം കൂടി ചേർക്കുമ്പോഴാണ് 75,027 അപേക്ഷകർ പുറത്തുനിൽക്കുന്നത്. സംസ്ഥാനത്താകെ ഇനി ശേഷിക്കുന്നത് 3588 മെറിറ്റ് സീറ്റുകൾ മാത്രമാണ്. ഇതിൽ 1332 സീറ്റുകളാണ് പാലക്കാട് മുതൽ കാസർകോട് വരെ മലബാർ ജില്ലകളിൽ ബാക്കിയുള്ളത്.
മെറിറ്റ് അടിസ്ഥാനത്തിൽ സ്കൂൾതലത്തിൽ പ്രവേശനം നടത്തുന്ന കമ്യൂണിറ്റി േക്വാട്ടയിൽ സംസ്ഥാനത്ത് ആകെയുള്ള 24,253 സീറ്റുകളിൽ 14,706 ലേക്കും പ്രവേശനം പൂർത്തിയായി. ശേഷിക്കുന്നത് 9547 സീറ്റുകളാണ്. ഇതിൽ 3391 സീറ്റുകളാണ് മലബാർ ജില്ലകളിൽ ബാക്കിയുള്ളത്. മലബാറിൽ അലോട്ട്മെന്റ് ലഭിക്കാത്ത മുക്കാൽ ലക്ഷം അപേക്ഷകർക്ക് മെറിറ്റ്, കമ്യൂണിറ്റി േക്വാട്ടകളിൽ ശേഷിക്കുന്ന 4723 സീറ്റുകൾ പരിഗണിച്ചാൽ പോലും 70,000 സീറ്റുകളുടെ കുറവാണുള്ളത്. എയ്ഡഡ് മാനേജ്മെന്റുകൾക്ക് ഇഷ്ട പ്രകാരം പ്രവേശനം നടത്താവുന്ന മാനേജ്മെന്റ് േക്വാട്ടയിൽ 36,187 സീറ്റുകളാണ് ബാക്കിയുള്ളത്. ഇതിൽ 15,268 സീറ്റുകളാണ് മലബാർ മേഖലയിലുള്ളത്. ഈ സീറ്റുകൾ കൂടി പരിഗണിച്ചാൽ മലബാറിലെ സീറ്റുകളുടെ കുറവ് 54,000ത്തിന് മുകളിലായിരിക്കും. മലപ്പുറത്ത് 82,446 അപേക്ഷകരിൽ 50,036 പേർ മെറിറ്റിലും മറ്റു വിവിധ േക്വാട്ട സീറ്റുകളിലായി 4196 പേരും അലോട്ട്മെന്റ് നേടിയിട്ടുണ്ട്. ജില്ലയിൽ ഇനിയും പ്രവേശനം ലഭിക്കാത്ത 28,214 പേരുണ്ട്. കോഴിക്കോട് 13,941ഉം പാലക്കാട് 16,528ഉം കാസർകോട് 5326ഉം വയനാട്ടിൽ 2411ഉം അപേക്ഷകർക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടില്ല.