മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തിരൂരിൽ സിറ്റിങ് നടത്തുന്നു
തിരൂർ: കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം ദേശീയപാതയ്ക്കായി മണ്ണെടുത്ത 20 അടി താഴ്ചയുള്ള കുഴിയിൽ വീണു മരിച്ച വിനോദ് കുമാറിന്റെ ഭാര്യ വള്ളിക്കുന്ന് താണിക്കൽ സൗമ്യ നീതി തേടി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.
തിരൂർ സർക്കാർ വിശ്രമമന്ദിരത്തിൽ നടന്ന സിറ്റിങ്ങിലാണ് സൗമ്യ അധികൃതരുടെ അനാസ്ഥക്കെതിരേ പരാതിയുമായെത്തിയത്. കഴിഞ്ഞ െഫബ്രുവരി 17-നാണ് വിനോദ് കുമാർ കുഴിയിൽ വീണു മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഓഫീസിൽ ചുമതലയുള്ള ഐ.ജി. പ്രകാശിനെ ചുമതലയേൽപ്പിച്ചു.
പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാൻ സർക്കാർ നൽകിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോൾ നഞ്ചഭൂമി നൽകിയ വിഷയം വീണ്ടും പരിഗണനക്കെത്തി. ഭൂമി നൽകിയതിൽ ക്രമക്കേടുണ്ടെന്നും എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി വാങ്ങിക്കുമ്പോൾ ഉത്തരവാദിത്വമുള്ളവർ ശരിയായ രീതിയിൽ ഭൂമി പരിശോധിച്ച് വാങ്ങിയില്ലെന്നുമാണ് പരാതി.
തൃക്കണ്ടിയൂർ പറമ്പിൽ അംബിക മനുഷ്യാവകാശപ്രവർത്തകരായ അബ്ദുൾറഹിം പൂക്കത്ത്, അലി കള്ളിവളപ്പിൽ എന്നിവരുടെ സഹായത്താൽ നേരിട്ട് എത്തി കമ്മിഷൻ മുമ്പാകെ മൊഴി നൽകുകയായിരുന്നു. കേസിൽ ഹാജരായ ഉദ്യോഗസ്ഥരെ കമ്മിഷൻ രൂക്ഷമായി വിമർശിക്കുകയും സംഭവം അന്വേഷിക്കാൻ ഐ.ജി.യെ ചുമതലപ്പെടുത്തുകയും ചെയ്തു.
കോൺഗ്രസ് നേതാവ് ശിവരാമനെ കളക്ടറേറ്റ് മാർച്ചിനിടയിൽ പോലീസ് തല്ലിച്ചതച്ചുവെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയിലും ഐ.ജി. അന്വേഷിക്കാൻ കമ്മിഷൻ ഉത്തരവിട്ടു. സിറ്റിങ്ങിൽ 120 പരാതികൾ ലഭിച്ചതിൽ 30 പരാതികൾ പരിഹരിച്ചു.
തിരൂരിൽ വൈദ്യുതികേബിളിടാൻ വെട്ടിയ കുഴികൾ ശാസ്ത്രീയമായി മൂടാത്തതിനെതിരേ ‘മാതൃഭൂമി’ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് കമ്മിഷൻ കേസെടുത്തിരുന്നു. ഇതുപ്രകാരം കെ.എസ്.ഇ.ബി. അസി. എക്സിക്യുട്ടീവ് എൻജിനീയർ കമ്മിഷൻ മുമ്പാകെ ഹാജരായി കുഴികൾ നികത്തിയതായി മൊഴി നൽകി.