പറപ്പൂർ: ചേറിന്റെ മണമറിഞ്ഞ് കുട്ടികൾ ഇത്തവണയും പാടത്തിറങ്ങി. പറപ്പൂർ ഐ.യു. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിലാണ് ഞാറും ചോറും സീസൺ 2 എന്ന പേരിൽ പാടത്ത് നെൽകൃഷി തുടങ്ങിയത്.
കോട്ടയ്ക്കൽ നഗരസഭാ അധ്യക്ഷ ഡോ. ഹനീഷ, പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംജതാ ജാസ്മിൻ, ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ, മലപ്പുറം ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത് എന്നിവരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ ആട്ടിരി പാടത്ത് ഞാറുനടൽ ചടങ്ങുകൾ നടന്നു.
പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് ഇത്തവണയും കൃഷിയിറക്കിയിട്ടുള്ളത്. ഇത് രണ്ടാംതവണയാണ് വിദ്യാർഥികൾ കൃഷിയിറക്കുന്നത്. പൂർവവിദ്യാർഥികൾ, പാടശേഖരസമിതി അംഗങ്ങൾ, കർഷകത്തൊഴിലാളികൾ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി. പൊന്മണി ഇനത്തിൽപ്പെട്ട വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
കഴിഞ്ഞ വർഷം നെൽകൃഷിക്കുപുറമെ പച്ചക്കറി, സൂര്യകാന്തി എന്നിവയും കൃഷി ചെയ്തിരുന്നു. ഇത്തവണ നെല്ലുകൂടാതെ കപ്പയും കൃഷി ഇറക്കിയിട്ടുണ്ട്. സ്കൂളിൽനിന്ന് തിരഞ്ഞെടുത്ത നൂറ് കാർഷിക ക്ലബ് അംഗങ്ങളും എൻ.എസ്.എസ്., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി. പ്രതിനിധികളും കൃഷി ഇറക്കുന്നതിൽ നേരിട്ട് പങ്കെടുക്കുന്നു.
കൃഷിയുടെ വിവിധ ഘട്ടങ്ങളായ നിലമൊരുക്കൽ, ഞാറു പറിക്കൽ, ഞാറു നടൽ, കള പറിക്കൽ, വളം ചേർക്കൽ, കൊയ്തെടുക്കൽ എന്നിവയിൽ കുട്ടികൾക്ക് നേരിട്ട് പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. സ്കൂൾ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.ഇ. കുഞ്ഞിപോക്കർ, പ്രിൻസിപ്പൽ സി. അബ്ദുൽ അസീസ്, പ്രഥമാധ്യാപകൻ എ. മമ്മു, വാർഡ് അംഗങ്ങളായ സി. അബ്ദുൽ കബീർ,.വേങ്ങര ലൈവ്.,ടി.ഇ. സുലൈമാൻ, കെ. സലീമ, എം.ടി.എ. പ്രസിഡന്റ് സമീറ, എസ്.എം.സി. ചെയർമാൻ ടി. ഹംസ, പി. മുഹമ്മദ് അഷ്റഫ്, ഇ.കെ. സുബൈർ, ടി.പി. മുഹമ്മദ് കുട്ടി, സി.ടി. സലീം, ഷാഹുൽ ഹമീദ്, വി.കെ. റഹീം എന്നിവർ പങ്കെടുത്തു.