പറപ്പൂർ: അനുദിനം വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഐ.ആർ.ഡബ്ല്യു കേരള പുതിയ വാട്ടർ റസ്ക്യൂ ടീമിന് രൂപം നൽകി. കോട്ടക്കലിലെ ഐ.ആർ.ഡബ്ല്യു ഹെഡ് ക്വാർട്ടേർസിൽ നടന്ന പരിപാടിയിൽ പുതിയ വാട്ടർ റസ്ക്യൂ ടീമിന്റെ ലോഞ്ചിംഗ് കർമ്മം വേങ്ങര മണ്ഡലം എം.എൽ.എയും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
കേരളം നിരന്തരം വ്യത്യസ്തങ്ങളായ പ്രകൃതിദുരന്തങ്ങൾക്ക് ഇരയാകുന്നുവെന്നും പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവർത്തകരുടെ കുറവ് ഇത്തരം ദുരന്തങ്ങൾ മൂലമുള്ള മരണ നിരക്ക് വർധിപ്പിക്കുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയ വാട്ടർ റസ്ക്യൂ ടീമിന് ആധുനിക സാങ്കേതിക സംവിധാനം സ്വായത്തമാക്കാനും, സമൂഹത്തിന് ഉപകാരപ്പെടുന്ന റെസ്ക്യൂ ടീമായി സേവനം ചെയ്യാനും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഐ.ആർ.ഡബ്ല്യു സ്റ്റേറ്റ് ജനറൽ കൺവീനർ ബശീർ ശർഖി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ഇ നൗഫൽ സ്വാഗതം പറഞ്ഞു.
ട്രെഡ് വാട്ടർ റെസ്ക്യൂ, അണ്ടർ വാട്ടർ സെർച്ച്, ഡ്രോണിംഗ് പ്രിവൻഷൻ, സർഫെയ്സ് ഡൈവ് റസ്ക്യു, ലൈഫ് ലൈൻ ഡിപ്ലോയ്മെന്റ്, ബോട്ട്-ബെയ്സ്ഡ് റെസ്ക്യൂ ഓപറേഷൻസ്... എന്നിവ ഉൾപ്പടെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് റിട്ടേർഡ് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബൈജു പണിക്കർ, മുങ്ങൽ വിദഗ്ധൻ മുസ്തഫ മലമ്പുഴ എന്നിവർ നേതൃത്വം നൽകുമെന്ന് ട്രൈനിംഗ് കൺവീനർ ശബീർ അഹ് മദ് പറഞ്ഞു.
പുതുതായി ഇറക്കിയ ഇൻഫ്ലാറ്റബ്ൾ ഡിങ്കി ബോട്ടിന്റെ ലോഞ്ചിംഗും പരിപാടിയിൽ നടന്നു. കടലുണ്ടി പുഴയിലെ പറപ്പൂർ ബാക്കികയത്താണ് ട്രെയിനിങ് നടത്തിയത്.