കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിന്റെ പുതിയ നിർമാണരൂപരേഖ
കോട്ടയ്ക്കൽ : പുത്തൂർ ചെനയ്ക്കൽ ബൈപ്പാസിൽ തെരുവുകച്ചവടക്കാർക്ക് ഒഴിയാൻ ബാക്കിയുള്ളത് ഇനി ഒരുദിവസം മാത്രം.
ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നിർദേശപ്രകാരം അനധികൃത റോഡ് കൈയേറ്റവും മാലിന്യസംസ്കരണത്തിലെ അപാകങ്ങളും ചൂണ്ടിക്കാട്ടി നഗരസഭാധികൃതർ 15 ദിവസത്തിനകം കച്ചവടമൊഴിയാൻ ഈ മാസം 18-ന് നോട്ടീസ് നൽകിയിരുന്നു.
നവംബർ ഒന്നിനാണ് നോട്ടീസ് കാലാവധി അവസാനിക്കുക. മത്സ്യക്കച്ചവമടക്കമുള്ള 40-ഓളം വിവിധ കച്ചവടസ്ഥാപനങ്ങളാണ് നിലവിൽ ഇവിടെയുള്ളത്.
കുറച്ചുപേർ ഇതിനകം ഒഴിഞ്ഞുപോയിട്ടുണ്ടെന്നും ഒഴിഞ്ഞുപോകാത്തവർക്കെതിരേ കളക്ടർ നിർദേശിക്കുന്ന പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും കോട്ടയ്ക്കൽ നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.ജി. അരുൺ സാബു പറഞ്ഞു.
ഈ മാസം 15-ന് ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്തിലുൾപ്പെട്ട പുത്തൂർ ബൈപ്പാസിലെ തെരുവോരക്കച്ചവട കേന്ദ്രങ്ങൾ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു.
മത്സ്യമാർക്കറ്റിൽ നിന്നുമുള്ള മലിനജലം സമീപപ്രദേശത്തെ കോളനിയിലേക്കുള്ള കുടിവെള്ളപദ്ധതിയുടെ കിണർ മലിനമാക്കുന്നൂവെന്ന പരാതിയിൽ പട്ടികജാതി കമ്മിഷന്റെ ഉത്തരവ് പ്രകാരമായിരുന്നു ഒഴിപ്പിക്കൽ.
കച്ചവടക്കാരുടെ പ്രതിഷേധത്തെ മുൻനിർത്തി രഹസ്യ ഓപ്പറേഷനിലൂടെ ആയിരുന്നു ഒഴിപ്പിക്കാനെത്തിയത്.
അസി. കളക്ടർ വി.എം. ആര്യ, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര എന്നിവർ ഓപ്പറേഷനിൽ പങ്കാളികളായി.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും പുത്തൂർ ബൈപ്പാസിന്റെ സൗന്ദര്യവത്കരണാർഥവും മുൻനിർത്തിയും കൂടിയാണ് ഒഴിപ്പിക്കൽ.