തവനൂർ: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തവനൂർ ഹോൾഡ് ഏജ് ഹോം, വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാരും സന്ദർശിച്ചു.
ഈ സന്ദർശനം, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സായംപ്രഭാ ഹോം പദ്ധതിയും വൃദ്ധസദനവും തമ്മിലുള്ള വ്യത്യാസം മുതിർന്ന പൗരന്മാർക്കും പൊതുസമൂഹത്തിനും ബോധ്യപ്പെടുത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ടത്. നോക്കുവാൻ ആരുമില്ലാത്ത, ഒറ്റപ്പെടലിൽ കഴിയുന്ന വയോജനങ്ങൾക്ക് ആജീവനാന്ത അഭയകേന്ദ്രമായാണ് വൃദ്ധസദനം പ്രവർത്തിക്കുന്നത്. സായംപ്രഭാ ഹോം പദ്ധതി, തദ്ദേശസ്ഥാപനങ്ങളുടെ വയോജന ക്ഷേമപ്രവർത്തന റിസോഴ്‌സ് സെന്ററായും, മുതിർന്ന പൗരന്മാർക്ക് പകൽസമയം മാനസിക ഉല്ലാസത്തോട് ചെലവഴിക്കാൻ പ്രത്യേക ഇടമായും രൂപകൽപ്പന ചെയ്തതാണ്.
സായംപ്രഭാ ഹോമിൽ ദിനവും എത്തുന്നവർക്ക് പുസ്തകങ്ങൾ, ടിവി, പത്രം, ഗെയിമുകൾ, ഭക്ഷണം എന്നിവയും മാസത്തിൽ ആരോഗ്യ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും ലഭ്യമാക്കുന്നു. കൂടാതെ, പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ആർട്സ്, സ്പോർട്സ്, വിനോദയാത്രകൾ തുടങ്ങിയ പരിപാടികൾ വഴി വയോജനങ്ങളുടെ സ്കൂൾ കാലത്തെ ഓർമിപ്പിക്കുന്ന സമഗ്രമായ സാമൂഹിക ഇടപെടലുകളും നടപ്പിലാക്കുന്നു.
സന്ദർശനത്തോടനുബന്ധിച്ച് സായംപ്രഭയിലെ മുതിർന്ന പൗരന്മാർ തയ്യാറാക്കിയ മധുരപലഹാരങ്ങൾ വയോജന മന്ദിരത്തിലെ അന്തേവാസികൾക്ക് കൈമാറി. വയോമന്ദിരത്തിന്റെ പ്രവർത്തനരീതി സൂപ്രണ്ട് അജിത് വിശദീകരിച്ചു.
സന്ദർശനത്തിൽ പ്രസിഡന്റ് ഹസീന ഫസൽ, വൈസ് പ്രസിഡന്റ് ടി. കെ. കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. കെ. സലീം, സായംപ്രഭാ ഇംപ്ലിമെന്റ് ഓഫീസർ ജസീന മോൾ, സായംപ്രഭാ ഹോം കോഓർഡിനേറ്റർ ഇബ്രാഹിം എ.കെ., രജിത ജി., മുബശ്ശിർ, സഹീർ അബ്ബാസ് നടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.