വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ എ.ആർ. നഗർ പഞ്ചായത്തിൽ കൊളപ്പുറത്ത് സ്ഥാപിക്കുന്ന വേങ്ങര ഫയർ സ്റ്റേഷന് അധികഭൂമി ലഭ്യമാക്കാൻ ധാരണയായി. തിരൂരങ്ങാടി തഹസിൽദാർ പി. ഒ സാദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്.
കൊളപ്പുറം തിരൂരങ്ങാടി റോഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ റീസർവേ നമ്പർ 311 ൽ ഉൾപ്പെട്ട 40 സെന്റ് ഭൂമി നേരത്തെ ഫയർ സ്റ്റേഷനായി അനുവദിച്ചിരുന്നു. ഈ ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള സാങ്കേതിക പ്രയാസം മറികടക്കുന്നതിനാണ് അധിക ഭൂമിക്കായി ശ്രമങ്ങളാരംഭിച്ചത്. ഈ ഭൂമിയോട് ചേർന്ന് ഭൂമിയുള്ള പി. അബ്ദുൽ കരീം ഇതിനായി സ്ഥലംവിട്ടു നൽകും. ഇതോടെ കെട്ടിട നിർമ്മാണത്തിനുള്ള പ്രയാസങ്ങൾ നീങ്ങും. 2015ൽ പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച വേങ്ങര ഫയർ സ്റ്റേഷൻ വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു.
നേരത്തെ കുന്നുംപുറം പി.എച്ച്.സി കോമ്പൗണ്ടിൽ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സ്ഥലപരിമിതി മൂലം നടന്നിരുന്നില്ല.
ദേശിയപാത, എയർപോർട്ട്, യൂണിവേഴ്‌സിറ്റി, താലൂക്ക് ആശുപത്രിയുൾപ്പെടെ പ്രധാന സ്ഥാപനങ്ങളും നിരവധി വ്യവസായ കേന്ദ്രങ്ങളും ബഹുനില കെട്ടിടങ്ങളുമുള്ള ഈ സർക്കിളിൽ ഫയർ സ്റ്റേഷൻ വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടങ്ങളിൽ തീ പിടിത്തമുണ്ടായാൽ ഫറൂഖ്, മീഞ്ചന്ത , താനൂർ, തിരൂർ, മലപ്പുറം പ്രദേശങ്ങളിൽ നിന്നെല്ലാമാണ് ഫയർ എഞ്ചിനുകളെത്താറുള്ളത്. ഇത് പലപ്പോഴും അപകടത്തിൻ്റെ തോത് വർധിക്കാൻ കാരണമാകാറുണ്ട്.
വേങ്ങര ഫയർ സ്റ്റേഷന് അധിക സ്ഥലം ലഭ്യമായ സ്ഥിതിക്ക് കെട്ടിട നിർമാണത്തിലേക്കുള്ള നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
തഹസിൽദാർ വിളിച്ചു ചേർത്ത യോഗത്തിൽ
എ,ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ റഷീദ്, എം.എൽഎയുടെ പി.എ. ഉബൈദുള്ള, ജില്ലാ ഫയർ ഓഫീസർ വി.കെ രതീഷ്, ഭൂരേഖ തഹസിൽദാർ എൻ. മോഹനൻ, ഫയർ ഓഫീസർ എം. രാജേന്ദ്രൻ, ഭൂമി ഉടമ പി അബ്ദുൾ കരീം, മുഹമ്മദ് ജാബിർ എന്നിവർ സംബന്ധിച്ചു.