ക്രിസ്‌മസ് സമ്മാനവുമായി വൈദികർ പാണക്കാട്ടെത്തി

മലപ്പുറം : ക്രിസ്‌മസ് സന്തോഷം പങ്കിടാൻ സ്‌നേഹമധുരവുമായി വൈദികസംഘം ചൊവ്വാഴ്ച പാണക്കാട്ടെത്തി. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി ഫാ. സെബാസ്റ്റ്യൻ ചെമ്പുംകണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് കെയ്‌ക്കുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയത്. ഊരകം സെയ്ന്റ് അൽഫോൻസാ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ജോസഫ് പാലക്കാടനും പള്ളി ഭാരവാഹികളും സന്നിഹിതരായിരുന്നു.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിന്റെ ബന്ധം എടുത്തുപറഞ്ഞ തങ്ങൾ ഒരോവർഷവും ഈ കൂടിക്കാഴ്ചകൾ നൽകുന്ന സന്തോഷം ചെറുതല്ലെന്നും കൂട്ടിച്ചേർത്തു. സമൂഹത്തിൽ സാമുദായിക സൗഹാർദം നിലനിർത്താൻ ഇത്തരം ഒരുമിച്ചുചേരലും മധുരം പങ്കിടലും അനിവാര്യമാണെന്നും ഓർമ്മിപ്പിച്ചു. ബുധനാഴ്ച കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദഖിലി തങ്ങൾ പറഞ്ഞു.

എല്ലാവർഷവും ക്രിസ്‌മസ് പ്രമാണിച്ച് പാണക്കാട് സന്ദർശിക്കാറുണ്ടെന്നും മതസൗഹാർദം നിലനിർത്തുന്നതിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും ഫാ. സെബാസ്റ്റ്യൻ ചെമ്പുംകണ്ടത്തിൽ പറഞ്ഞു. മുനമ്പം വിഷയത്തിൽ സൗഹാർദം നിലനിർത്താനായി തങ്ങൾ നിലപാടെടുത്തതായും അദ്ദേഹം പറഞ്ഞു. വൈദികർ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലുമെത്തി ക്രിസ്‌മസ് സമ്മാനം കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}