പരപ്പനങ്ങാടി: ആശാവർക്കർമാർ ഗർഭിണികൾക്ക് വീടുകളിലെത്തി വിതരണംചെയ്തത് കാലാവധി കഴിഞ്ഞ ഗുളികകളെന്നു പരാതി. പുത്തരിക്കൽ സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽപ്പെട്ട പതിനഞ്ചാം ഡിവിഷനിലാണ് ആശാ വർക്കർമാർ മുഖേന ഗർഭിണികൾക്ക് വീടുകളിലെത്തി വിതരണംചെയ്ത 'അയേൺ ആൻഡ് ഫോളിക് ആസിഡ് ഗുളികകളാണ്' കാലാവധി കഴിഞ്ഞതെന്നാണ് പരാതി. 2024 ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞ ഗുളികകളാണ് കഴിഞ്ഞദിവസം വിതരണംചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ആരോഗ്യ കേന്ദ്രത്തിലെത്തി വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ, കാലാവധി കഴിഞ്ഞ കുറച്ച് ഗുളികകൾ പുതിയ ഗുളികകളുടെ കൂടെ പെട്ടു പോയതാണെന്നും വീഴ്ച പരിശോധിക്കുമെന്നും പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുനിൽ അറിയിച്ചു.