തിരൂര്‍: തൊട്ടില്‍കീറി തൂങ്ങിപ്പോയ ഒരു വയസ്സും മൂന്നുമാസവുമുള്ള ആണ്‍കുട്ടി മരിച്ചു. താനൂര്‍ ബീച്ച് റോഡ് പന്തക്കപ്പാടം ശൈഖ് മഖാമിന് സമീപം താമസിക്കുന്ന വലിയകത്ത് പുതിയ മാളിയേക്കല്‍ ലുക്മാനുല്‍ ഹക്കീമിന്റെയും നിറമരുതൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപം അരങ്കത്തില്‍ മുബഷീറയുടെയും മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്.
ഇന്നലെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40-നാണ് സംഭവം. നിറമരുതൂരില്‍ തറവാടുവീടായ അരങ്കത്തില്‍ എത്തിയ മുബഷീറ കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തി കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് തുണി കൊണ്ടുള്ള തൊട്ടില്‍കീറി കുട്ടി തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഉടനെ പൂക്കയില്‍ കള്ളിയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇവരുടെ ഏക മകനാണ് മുഹമ്മദ് ശാദുലി. മുബഷീറയുടെ പിതാവ് കരീമും മാതാവ് ഫാത്തിമയും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉംറയ്ക്കു പോയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പോലീസ് കേസെടുത്തു. ഖബറടക്കം ഇന്ന് ബുധനാഴ്ച നടക്കും.