സ്ത്രീയും പുരുഷനും ഇടകലർന്നുള്ള വ്യായാമമുറകൾ മതം അംഗീകരിക്കുന്നില്ലെന്ന കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. പൊതു ഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്നും അത് അംഗീകരിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് പറയുന്നില്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
സ്ത്രീ- പുരുഷ തുല്യതക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി മതനിരപേക്ഷ ഉള്ളടക്കത്തോടെ സമൂഹത്തെ കാണാൻ 1789 ലെ ഫ്രഞ്ച് വിപ്ലവത്തിനു മുമ്പ് ഉയർത്തിയ മുദ്രാവാക്യം ആണിത്. അതിൻറെ സ്ഥിതിയിലേക്ക് പോലും നമുക്ക് കടക്കാൻ സാധിക്കുന്നില്ല. പൊതു ഇടത്തിൽ സ്ത്രീയും പുരുഷനും തുല്യത വേണമെന്ന് ഞാൻ ഒരു സമ്മേളനത്തിൽ പറഞ്ഞപ്പോൾ ചിലർ പ്രകോപിതരാവുകയാണ്. ആരും പ്രകോപിതരായിട്ട് കാര്യമില്ല. ആ മുദ്രവാക്യം സമ്മതിച്ചു കൊടുക്കാൻ ഇപ്പോഴും തയ്യാറാകാത്ത ആളുകളെ എന്താണ് വിളിക്കേണ്ടത് എന്ന് ഞാൻ പറയുന്നില്ല. ഞാൻ ആരെയും ഉദ്ദേശിക്കുന്നില്ല. ഒരു വ്യക്തിയെയും സമുദായത്തെയും ഉദ്ദേശിക്കുന്നില്ല. സമൂഹത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത്- ഗോവിന്ദൻ വ്യക്തമാക്കി.