കാന്തപുരം വിഭാഗത്തിനെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം

അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടിവരുമെന്ന് എം.വി ഗോവിന്ദൻ

അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമംചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യംപിടിക്കുന്നവർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടിവരുമെന്നും അദ്ദേഹം ഓ‍ർമിപ്പിച്ചു. സി.പി.എം പാലക്കാട് ജില്ല സമ്മേളനത്തിനെത്തിയ ഗോവിന്ദൻ വാർത്തലേഖകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

മെക് 7 വ്യായാമത്തിനെതിരെ നേരത്തേ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ വിവാദ പ്രസ്താവന നടത്തിയിരുന്നു. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുള്ള ഏതു പദ്ധതി കൊണ്ടുവന്നാലും എതിർക്കും. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നുമാണ് കാന്തപുരം പറഞ്ഞത്.

കൂടാതെ, കഴിഞ്ഞ ദിവസം സമസ്ത കാന്തപുരം വിഭാഗം മുശാവറയും ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിരുന്നു. വ്യായാമത്തിന്‍റെ പേരിൽ അന്യ പുരുഷന്മാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നതും മതവിശ്വാസത്തിന്​ ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച്​ അതിലേക്ക്​ ജനങ്ങളെ ക്ഷണിക്കുന്നതും അനുവദനീയമല്ലെന്ന് വ്യക്തമാക്കിയത്. സുന്നി വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തി പൂർവിക വിശ്വാസ ആചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച്​ ജീവിക്കണമെന്നും മുശാവറ യോഗം അഭ്യർഥിച്ചിരുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}