സംസ്ഥാനത്ത് ഫെബ്രുവരി മുതൽ വൈദ്യുതി ചാർജ് കുറയും. യൂണിറ്റിന് ഒൻപത് പൈസയാണ് കുറയുക. അധിക ഇന്ധന സർചാർജായ ഒൻപത് പൈസ ഒഴിവാക്കുന്നത് മൂലമാണ് ചാർജ് കുറയുന്നത്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജ് കുറഞ്ഞതുമൂലമാണ് അധിക ഇന്ധന സർചാർജ് ഒഴിവാക്കുന്നത്.
ഏപ്രിൽ 2024 മുതൽ സെപ്റ്റംബർ 2024 മാസങ്ങളിൽ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജിന് പുറമെയുള്ള അധിക സർചാർജാണ് ജനുവരി 31 വരെ ഒൻപത് പൈസ നിരക്കിൽ തുടർന്നുപോയിരുന്നത്
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87-ാം ചട്ടം പരിഷ്കരിച്ച് 2023 മെയ് 29ന് താരിഫ് ഭേദഗതി ചട്ടങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 2023 മുതൽ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ ലൈസെൻസികളെ അനുവദിച്ച് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സ്വമേധയാ പിരിക്കുന്ന 10 പൈസ/യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജാണ് ഒൻപത് പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നുപോയിരുന്നത്.