വൈദ്യുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ പ്രത്യേക പദ്ധതിയുമായി സർക്കാർ

വർഷങ്ങളായി വൈദ്യുതി ബോർഡിന് അടയ്ക്കാനുള്ള കുടിശ്ശികയും പലിശയും വലിയ ഇളവുകളോടെ ഒറ്റത്തവണയായി അടച്ചു തീർക്കാൻ നടപടി വരുന്നു. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കെഎസ്ഇബി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മേയ് 20 മുതൽ മൂന്നു മാസക്കാലമാണ് ഏറെ ഇളവുകളോടെ ഉപഭോക്താക്കൾക്ക് ദീർഘകാല കുടിശിക തീർക്കാനാവുക. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിലൂടെ ഒറ്റത്തവണയായി തീർപ്പാക്കാം.

വിച്ഛേദിക്കപ്പെട്ട കണക്‌ഷനുകൾ കുടിശ്ശിക അടച്ചുതീർത്ത് പുനഃസ്ഥാപിക്കാനുമാകും. 10 വർഷത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയ്ക്ക് ഏർപ്പെടുത്തിയ 18 ശതമാനം പലിശ പൂർണമായും ഒഴിവാക്കും.

അഞ്ചു മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം നാലു ശതമാനം, രണ്ടു മുതൽ അഞ്ചു വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 -നു പകരം ആറു ശതമാനം എന്നിങ്ങനെ പലിശ നിരക്കിൽ ഒറ്റത്തവണയായി തീർപ്പാക്കാം. പലിശ തുക ആറു മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്.

കുടിശ്ശികയായ വൈദ്യുതി ബിൽ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേർത്ത് ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് ബിൽ കുടിശ്ശികയിൽ (Principal Amount) അഞ്ചു ശതമാനം ഇളവും ലഭിക്കും. ഇത്രയേറെ ഇളവുകളോടെ കെഎസ്ഇബി കുടിശ്ശിക തീർപ്പാക്കാൻ അവസരമൊരുക്കുന്നത് ഇതാദ്യമാണ്.


റവന്യൂ റിക്കവറി തീർപ്പാക്കാൻ അവസരമുണ്ട്

റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും തീർപ്പാക്കാനവസരമുണ്ട്. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്‌ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് സ്പെഷ്യൽ ഓഫീസർ റവന്യൂ കാര്യാലയത്തിലും സേവനം ലഭ്യമാവും. https://ots.kseb.in എന്ന വെബ്‌പോർട്ടൽ വഴി കുടിശ്ശികയുടെ വിവരങ്ങളറിയാനും പണമടയ്ക്കാനും അവസരമൊരുക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}