വേങ്ങര: നവ കേരള സദസിൽ നിർദ്ദേശിക്കപ്പെട്ട വേങ്ങര നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള റോഡുകളായ ഊരകം പഞ്ചായത്തിലെ കിളിനക്കോട് മിനി റോഡ് എ ആർ നഗർ പഞ്ചായത്തിലെ ടിപ്പു സുൽത്താൻ റോഡ് എന്നിവ റബ്ബറൈസ്ഡ് ചെയ്ത് നവീകരിക്കുന്നതിന് ഏഴ് കോടിയുടെ ഭരണാനുമതി ലഭ്യമായതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു.
കിളിനക്കോട് മിനി റോഡിന് 4 കോടിയും ടിപ്പു സുൽത്താൻ റോഡിന് 3 കോടിയും വീതമാണ് അനുവദിച്ച് ഉത്തരവായത്.
നവകേരള സദസ്സിൽ വിവിധ പരാതികൾ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തികൾ എന്ന നിലയിൽ എം എൽ എ നിർദ്ദേശിക്കപ്പെട്ട രണ്ട് പ്രവർത്തികൾക്കാണ് അനുമതി ലഭ്യമായത്. തദ്ദേശ വകുപ്പിന്റെ കീഴിലുള്ള റോഡുകളാണെങ്കിലും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഫണ്ടുകൾ മാത്രം ഉപയോഗിച്ച് നവീകരിക്കാൻ പര്യാപ്തമായ റോഡുകളല്ല മേൽ പറഞ്ഞ രണ്ട് പ്രവർത്തികളും. അതിനാൽ തന്നെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് പൊതുജനങ്ങളും ജനപ്രതിനിധികളും ഏറെക്കാലമായി ആവശ്യപ്പെടുന്ന റോഡുകളാണ് ഇവ രണ്ടും. ഈ രീതിയിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കേണ്ട നിരവധി റോഡുകളുണ്ട്. സമയത്തിന് പൊതുമരാമത്ത് ഏറ്റെടുക്കാത്തത് മൂലം നവീകരണത്തിന് മതിയായ ഫണ്ടുകൾ ലഭ്യമാകാതെ യാത്രാ ദുരിതം നേരിടുന്ന റോഡുകളാണധികവും. ഈ ഗവൺമെന്റിന്റെ കാലത്ത് ഇത്തരത്തിൽ ഏറ്റെടുക്കലുകൾ നടന്നിട്ടില്ല എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് മേൽ പ്രസ്താവിച്ച രണ്ട് റോഡുകൾ നവകേരള സദസ്സിൽ നിർദ്ദേശിക്കപ്പെട്ട പദ്ധതികളുടെ പ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തി നവീകരിക്കാൻ തീരുമാനിച്ചത്.
അടിയന്തിര പ്രാധാന്യത്തോടെ ടെൻഡർ നടപടികൾ വേഗത്തിലാക്കി പ്രവർത്തി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം എൽ എ അറിയിച്ചു.