വരുന്നൂ, സഹകരണ ജീവനക്കാർക്ക് ഏകീകൃത സോഫ്റ്റ് വെയർ

വേങ്ങര: സർക്കാർ ജീവനക്കാർക്കുള്ള സ്പാർക്ക് മാതൃകയിൽ സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഏകീകൃത സോഫ്റ്റ് വെയർ വരുന്നു. കോഓപ്പറേറ്റീവ് എംപ്ലോയിസ് മാനേജ്മെൻ്റ് സിസ്റ്റം എന്ന പേരിലാണ് സോഫ്ട് വെയർ തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ശേഖരിച്ചു നൽകാൻ സഹകരണ സംഘം രജിസ്ട്രാർ കഴിഞ്ഞ ദിവസം അതാത് ജില്ലാ റജിസ്ട്രാർമാർക്ക് നിർദേശം നൽകി. താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർമാർ വഴി ശേഖരിക്കുന്ന വിവരങ്ങൾ നിശ്ചിത തിയതിക്കകം ജില്ലാ ജോയിൻ്റ് രജിസ്ട്രാർ ഉറപ്പുവരുത്തണം 2005 ലാണ് സർക്കാർ ജീവനക്കാരുടെ സർവീസ് കാര്യങ്ങൾ, ശമ്പള വിതരണം എന്നിവ ഉൾപ്പെടുത്തി സ്പാർക്ക് നിലവിൽ വന്നത്. അപക്സ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി. എസ്. സി വഴിയും പ്രാഥമിക മേഖലയിലെ ക്ലറിക്കൽ തസ്തിക തൊട്ട് മുകളിലുള്ളത് സഹകരണ പരീക്ഷാ ബോർഡ് വഴിയുമാണ് നടക്കുന്നത്. പ്രാഥമിക സംഘങ്ങളിൽ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളിൽ മാത്രമാണ് അതാത് ഭരണസമിതികൾക്ക് സ്വതന്ത്ര അവകാശമുള്ളത്. എങ്കിലും ഇങ്ങനെ നിയമിക്കപ്പെടുന്നവരുടെ യോഗ്യതാ പരിശോധന, ശമ്പള നിർണ്ണയം, സ്ഥാനക്കയറ്റയം, മറ്റാനുകൂല്യങ്ങൾ തുടങ്ങിയവയൊക്കെ പരിശോധിക്കുകയും സർക്കാർ ഉത്തരവ് പ്രകാരം നിർണ്ണയിക്കുകയും ചെയ്തിരുന്നത് ഭരണസമിതികളായിരുന്നു. ഇത് പ്രകാരം സെൽഫ്‌ ഡ്രോയിങ്ങ് ഓഫീസറന്നെ നിലയിൽ സെക്രട്ടറിമാരാണ് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകിയിരുന്നത്. ഈ അധികാരം വിവേചനപരമായ രീതിയിൽ ചിലർ വിനിയോഗിക്കുന്നതായി ചില ഘട്ടങ്ങളിൽ ആക്ഷേപമായി ഉയർന്നു വരാറുണ്ട്. സ്വാധീനമുള്ളവർക്കും വേണ്ടപെട്ടവർക്കും തുടരെത്തുടരെ സ്ഥാനക്കയറ്റവും മെച്ചപ്പെട്ട തസ്തികയും ഉറപ്പാക്കുമ്പോൾ ഒരു വിഭാഗം നിരന്തരം അവഗണിക്കപ്പെടുന്നു എന്ന പരാതിയും ഉയരാറുണ്ട്. മാത്രവുമല്ല ഒരേ ക്ലാസിൽ പ്രവർത്തിക്കുന്ന തൊട്ടടുത്ത സ്ഥാപനങ്ങൾ തമ്മിൽ നിലനിൽക്കുന്ന പ്രമോഷനിലെ അസന്തുലിതാവസ്ഥ ജീവനക്കാരുടെ മനോവീര്യ തകർച്ചക്കും ഇടയാക്കുന്നുണ്ട്. ഏകീകൃത സോഫ്ട് വെയർ വരുന്നതോടെ ജീവനക്കാരുടെ നിയമനം തൊട്ട് എല്ലാകാര്യങ്ങളും റജിസ്ടാർക്ക് നേരിട്ട് പരിശോധിക്കാമെന്നിരിക്കെ നിയമനം നടത്തിയ രീതി, യോഗ്യത, സർട്ടിഫിക്കറ്റ് പരിശോധന, സംവരണം, സ്ഥാനക്കയറ്റത്തിലെ അസന്തുലിതാവസ്ഥ എന്നിവയൊക്കെ സഹകരണ വകുപ്പിന് യഥാസമയം പരിശോധിക്കാനും കഴിയും എന്ന് വിലയിരുത്തപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}