തേഞ്ഞിപ്പലം: ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി എളമ്പുലാശ്ശേരി എൽ.പി. സ്കൂളിൽ നടന്ന സൗഹൃദ സന്ദർശനം, ഉൾച്ചേരലിന്റെ മനോഹരമായ കാഴ്ചയായി. പരപ്പനങ്ങാടി ബി ആർ സി കീഴിലുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗഹൃദ സംഘത്തെ എളമ്പുലാശ്ശേരി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വർണ്ണാഭമായ സ്വീകരണം നൽകിയാണ് വരവേറ്റത്. ക്ലാസ് മുറിയിൽ ഒത്തുചേർന്ന കുട്ടിക്കൂട്ടുകാർ ചിത്രരചനയിലും, പാട്ടുകളിലും, മറ്റു പ്രകടന പ്രവർത്തനങ്ങളിലും ഒരുമിച്ച് പങ്കാളികളായി. തുടർന്ന്, ഒരേ ബെഞ്ചിലിരുന്ന് ഉച്ചഭക്ഷണം പങ്കുവെച്ച നിമിഷങ്ങൾ സ്നേഹത്തിൻ്റെയും തുല്യതയുടെയും സന്ദേശം വിളിച്ചോതി. ഭിന്നശേഷിയുള്ള കൂട്ടുകാരുമായി ഒരുമിച്ച് പ്രവർത്തിക്കാനും സൗഹൃദം പങ്കുവെക്കാനും സാധിച്ചത് തങ്ങൾക്ക് വേറിട്ട അനുഭവമായെന്ന് സ്കൂൾ കുട്ടികൾ പറഞ്ഞു. ഈ ദിനാചരണം, ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തുപിടിക്കേണ്ടതിൻ്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.ഭിന്ന ശേഷി സൗഹൃദ സംഘത്തെ സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ,ഹെഡ് മിസ്ട്രസ് കെ ജയശ്രീ,മുൻ ഹെഡ്മിസ്ട്രസ് പി എം ഷർമിള കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ എന്നിവർ ചേർന്ന് സ്വീകരിച്ചു . സൗഹൃദ സംഘത്തിൽ പരപ്പനങ്ങാടി ബി ആർ സി യിലെ അധ്യാപിക എം രജനി
കുട്ടികളായ അംന നുഹ ,റസിൻ ,റൗഹ
ലെന ഫാത്തിമ ,ആഷിഖ്
ശ്രേയ ലക്ഷ്മി ,അഞ്ജന
സെലിൻ,സിയ
നഹാൻ എന്നിവർ പങ്കെടുത്തു.