കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന പെഡസ്ട്രിയൻ ക്രോസിങ് സിസ്റ്റം ജില്ലയിലാദ്യമായി തിരൂരിൽ ഒരുങ്ങുന്നു. തിരൂർ നഗരസഭയിലെ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂൾ, എസ്.എസ്.എം പോളിടെക്നിക് കോളേജ് എന്നിവിടങ്ങൾക്ക് മുന്നിലായാണ് ഈ അത്യാധുനിക സംവിധാനം സ്ഥാപിക്കുന്നത്. ഓട്ടമാറ്റിക് ട്രാഫിക് സിഗ്നലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ആളുകൾക്ക് സ്വയം റോഡ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ഈ രീതി. റോഡരികിലെ തൂണിലുള്ള സ്വിച്ചിൽ അമർത്തിയാൽ ഉടൻ മുകളിലെ ചുവന്ന ലൈറ്റ് തെളിയുകയും വാഹനങ്ങൾ നിർത്തുകയും ചെയ്യും. ഇതോടെ യാത്രക്കാർക്ക് അപകടഭയമില്ലാതെ റോഡ് മുറിച്ചു കടക്കാം. നിലവിൽ മൂവായിരത്തോളം വിദ്യാർഥികൾ യാത്ര ചെയ്യുന്ന ഈ ഭാഗത്ത് അധ്യാപകരും എസ്.പി.സി കേഡറ്റുകളും വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് കുട്ടികളെ സഹായിക്കുന്നത്. സ്കൂൾ അധികൃതരുടെ അഭ്യർത്ഥനപ്രകാരം കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ഇടപെടലിലൂടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. സംവിധാനത്തിനാവശ്യമായ തൂണുകളുടെ നിർമ്മാണം പൂർത്തിയായതായും ഉടൻ തന്നെ ലൈറ്റുകൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഇവിടെ രണ്ട് കാൽനട മേൽപാലങ്ങൾ നിർമിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്
തിരൂരിൽ ഇനി 'ബട്ടണടിച്ചാൽ' റോഡ് മുറിച്ചു കടക്കാം
admin
Tags
Malappuram