നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ സജീവമാകുന്ന ജിമ്മുകള്‍ക്ക് നിയന്ത്രണം വന്നേക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു.
ഉത്തർപ്രദേശില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ജിമ്മുകള്‍ക്കെതിരായ പരാതിയിലാണ് നടപടി. പല ജിമ്മുകളിലും ലൈംഗിക പീഡനം നടക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ പറഞ്ഞു. നിരവധി ജിമ്മുകളില്‍ ആരോഗ്യകരമല്ലാത്ത രീതികള്‍ നടപ്പാകുന്നുണ്ട്. ജിമ്മുകളില്‍ പരിശോധനകള്‍ കർശനമാക്കണം. ജിമ്മുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങള്‍ വേണമെന്നും അവര്‍ വ്യക്തമാക്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സർക്കാരിനും അയച്ച നോട്ടീസിൽ എല്ലാ സംസ്ഥാന സെക്രട്ടറിമാരും ജിമ്മുകളെ സംബന്ധിച്ചുള്ള റിപ്പോർട്ട് നല്‍കണം. ജിം സ്ഥാപിക്കുന്നതില്‍ സർക്കാർ നടപ്പാക്കിയ മാർഗനിർദേശങ്ങള്‍ സമർപ്പിക്കണം.ലൈസൻസുകള്‍ നല്‍കുന്നതിലെ മാനദണ്ഡം എന്ത് ? പരിശോധനകളെ സംബന്ധിച്ചും വിശദാംശങ്ങള്‍ നല്‍കണം. സമാന നിർദ്ദേശങ്ങള്‍ കേന്ദ്രത്തിനും നല്‍കിയിട്ടുണ്ട്, രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമ്പൂർണ്ണ റിപ്പോർട്ട് നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.