മലപ്പുറം: 500 കോടി രൂപ ചെലവിൽ ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയം കാലിക്കറ്റ് സർവകലാശാലയിൽ ഉയരുന്നു. സർവകലാശാലയുടെ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ട് 35 ഏക്കർ ഭൂമിയിലാണ് സ്റ്റേഡിയം നിർമിക്കുക.
മലപ്പുറം- കോഴിക്കോട് ജില്ലാ അതിർത്തിയിലെ തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 50,000 സീറ്റിംഗ് ശേഷിയുള്ള സ്റ്റേഡിയമായിരിക്കും ഇത്. സ്റ്റേഡിയത്തിനൊപ്പം സ്വിമ്മിംഗ് പൂൾ, ഫിറ്റ്നസ് സെന്റർ, താമസസൗകര്യം എന്നിവ ഉൾപ്പെടുന്ന സമഗ്ര കായിക സമുച്ചയവും ഉണ്ടാകും.
പദ്ധതിയുടെ വിശദമായ ഡിസൈനും പ്ലാനും കായിക വകുപ്പിന് കീഴിലുള്ള സ്പോർട്‌സ് കേരള ഫൗണ്ടേഷൻ മൂന്ന് മാസം മുമ്പ് തയ്യാറാക്കിയിരുന്നു. ഡിസൈനിംഗ് ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങൾ പൂർണമായും സർക്കാർ സംവിധാനത്തിലൂടെയാണ് നടത്തിയിരിക്കുന്നത്. നിർമാണത്തിന്റെ ആദ്യഘട്ടത്തിനായി 125 കോടി രൂപ കായികവകുപ്പ് ഇതിനകം അനുവദിച്ചു. ബാക്കി തുക ഘട്ടംഘട്ടമായി അനുവദിക്കും.
ഫിഫ നിലവാരമുള്ള സ്റ്റേഡിയം ഇല്ലാത്തതിനാൽ അംഗീകൃത അന്താരാഷ്ട്ര മത്സരങ്ങൾ കേരളത്തിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു.
ഫുട്ബോൾ ആസ്വാദനത്തിൽ ലോകശ്രദ്ധ നേടിയ മലബാറിന് ഇത്തരം മത്സരങ്ങൾ നഷ്ടമാകുന്നത് വലിയ പ്രയാസമായിരുന്നു. പുതിയ സ്റ്റേഡിയം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലുപരി സർവകലാശാലയുടെ കായിക വികസനത്തിനും കേരളത്തിലെ ഫുട്ബോൾ വളർച്ചക്കും നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തിൻ്റെ കായിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും സാമ്പത്തിക വികസനത്തിനും ഈ സംരംഭം ഗണ്യമായ സംഭാവന നൽകും. കായികമേഖലയുടെ വൈവിധ്യ വത്കരണത്തിലൂടെ സ്വയംപര്യാപ്ത്തമായി പ്രവർത്തിക്കുന്ന ഒരു പുതിയ മാതൃക സൃഷ്ടിക്കാനാണ് കായികവകുപ്പ്
ലക്ഷ്യമിടുന്നത്.