മലപ്പുറം : മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എ.യുമായ അഡ്വ. കെ.എൻ.എ. ഖാദറിന്റെ ആത്മകഥ 'വ്യാകരണമില്ലാത്ത ജീവിതം' ഈമാസം പുറത്തിറങ്ങും. കമ്യൂണിസ്റ്റ് പാർട്ടിയിലും മുസ്‌ലിം ലീഗിലും പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പുസ്തകത്തിൽ വിശദമായി പങ്കുവെക്കുന്നുണ്ട്. വാഗ്‌മി, അഭിഭാഷകൻ, എഴുത്തുകാരൻ, ജനപ്രതിനിധി എന്നീനിലകളിലുള്ള ഇടപെടലുകൾ, നേതാക്കളുമായുള്ള ബന്ധങ്ങൾ തുടങ്ങി സാമൂഹിക വിമർശനം വരെയും ഈ ജീവിതകഥയിൽ കടന്നുവരുന്നു.
മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മാതൃഭൂമി മലപ്പുറം ബ്യൂറോയിലെ സീനിയർ കറസ്‌പോണ്ടന്റ് ഫഹ്‌മി റഹ്‌മാനിയാണ് രചന നിർവഹിച്ചത്.
ചൊവ്വാഴ്‌ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുസ്തകത്തിന്റെ കവർ പ്രകാശനംചെയ്തു. സോപാനസംഗീത വിദഗ്‌ധൻ ഞെരളത്ത് ഹരിഗോവിന്ദൻ, ഡോ. അച്യുതൻ പനച്ചിക്കുത്ത്, കെ.എൻ.എ. ഖാദർ, എം.പി. മുഹമ്മദ്, കെ.എൻ. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.