കോട്ടക്കൽ: ലോകസമാധാനത്തിനായുള്ള ആഹ്വാനവുമായി മാറാക്കര എ.യു.പി. സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലി നടത്തി. സ്കൂൾ ദേശീയ ഹരിതസേനയുടെ (എൻ.ജി.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു.
യുദ്ധം വിതയ്ക്കുന്ന സർവ്വനാശത്തെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. "യുദ്ധം വേണ്ടേ വേണ്ട, ആയുധം ഉപേക്ഷിക്കൂ - പുസ്തകം എടുക്കൂ, യുദ്ധം സർവ്വനാശം" തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി. സമാധാനത്തിന്റെ പ്രതീകങ്ങളുയർത്തി നടന്ന റാലി പ്രദേശവാസികൾക്കിടയിലും ശ്രദ്ധേയമായി.
ഹരിതസേന അംഗങ്ങൾക്ക് പുറമെ സ്കൂൾ പാർലമെന്റ് അംഗങ്ങളും റാലിയിൽ പങ്കാളികളായി. അധ്യാപകരായ കെ. പ്രകാശ്, പി.പി. മുജീബ് റഹ്‌മാൻ, കെ.എസ്. സരസ്വതി, പി.കെ. ശ്രീലത, എം. ജയശ്രീ, രാധിക പി.സി, ഐശ്വര്യ കെ. തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.