പറപ്പൂർ: ലോക പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനവുമായി ഇരിങ്ങല്ലൂർ (കുഴിപ്പുറം) ജി.എൽ.പി.എസ് വിദ്യാർത്ഥികൾ. സ്കൂളിലെ കുരുന്നുകൾ സ്വന്തമായി സ്വരൂപിച്ച പാലിയേറ്റീവ് ഫണ്ട് പറപ്പൂർ പാലിയേറ്റീവ് പ്രവർത്തകർക്ക് കൈമാറി.
സ്കൂൾ ഹെഡ്മിസ്ട്രസ് കെ.പി. ബീനയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെച്ച് സ്കൂൾ ലീഡർമാരായ ആയിഷ അംന, മുഹമ്മദ് മിദ്‌ലാജ് എന്നിവർ ചേർന്നാണ് ഫണ്ട് കൈമാറിയത്. പറപ്പൂർ പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുതു മാസ്റ്റർ വിദ്യാർത്ഥികളിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി.
ചടങ്ങിൽ അധ്യാപകരായ കെ.വി. ഫൈസൽ, പി. അബ്ദുൽറൗഫ് എന്നിവരും പാലിയേറ്റീവ് പ്രവർത്തകരായ മൊയ്തുട്ടി ഹാജി, ടി. മുഹമ്മദ് മാസ്റ്റർ, ടി.പി. ഹനീഫ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ചെറുപ്രായത്തിൽ തന്നെ കാരുണ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കാനും അവരിൽ സാമൂഹിക പ്രതിബദ്ധത വളർത്താനുമുള്ള സ്കൂൾ അധികൃതരുടെ നടപടി ഏറെ പ്രശംസനീയമാണ്.