പാചകവാതക നിയന്ത്രണം തിരിച്ചടിയാകുന്നു: ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

മലപ്പുറം: പാചകവാതക വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിയത് സംസ്ഥാനത്തെ ഹോട്ടലുകളെയും കേറ്ററിംഗ് സ്ഥാപനങ്ങളെയും ബാധിച്ചു തുടങ്ങി. സിലിണ്ടറുകൾ ആവശ്യപ്പെട്ട സ്ഥാപനങ്ങളോട് എണ്ണക്കമ്പനികളുടെ നിയന്ത്രണം പറഞ്ഞ് ഏജൻസികൾ കൈമലർത്തി. ഇതോടെ വീണ്ടും വിറകടപ്പിനെ ആശ്രയിക്കേണ്ട സ്ഥിതി വരുമോ എന്ന ആശങ്കയിലാണ് ഭക്ഷണ വിതരണ മേഖല.

​പാചകവാതക പ്രതിസന്ധിയെക്കുറിച്ച് ഹോട്ടൽ ഉടമകളുടെ സംഘടന ഇന്നലെ ഓൺലൈനായി അടിയന്തര യോഗം ചേർന്നു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ട് ചർച്ച നടത്താനും തീരുമാനിച്ചു.

​തെക്കൻ കേരളത്തിലെ പലയിടത്തും വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം ഹോട്ടലുകളെ ബാധിച്ചതായി സംഘടന അറിയിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിവെക്കാൻ നേരത്തേ അനൗദ്യോഗികമായാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇന്നലെ ചില എണ്ണക്കമ്പനികൾ ഏജൻസികൾക്ക് ഇതുസംബന്ധിച്ച് ഇമെയിൽ തന്നെ അയച്ചതായി വിവരമുണ്ട്. അതേസമയം ചില എണ്ണക്കമ്പനികൾ ഏജൻസികൾ സിലിണ്ടർ വിതരണം ചെയ്യുന്ന ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരം തേടിയിട്ടുണ്ട്. ഇവർക്ക് ഇളവ് നൽകാനാണ് നീക്കമെന്നാണ് വിവരം. എന്നാൽ അവശ്യമേഖലയായ ഹോട്ടലുകൾക്ക് ഇളവൊന്നും ലഭിക്കുന്നില്ല.

​നിലവിൽ പൂർണമായും പാചകവാതക സിലിണ്ടറുകളെ ആശ്രയിച്ചാണ് പാചകമെന്ന് മലപ്പുറത്തെ പ്രമുഖ ഹോട്ടലുടമ പറഞ്ഞു. പ്രതിസന്ധി തുടരുകയാണെങ്കിൽ പ്രധാന പാചകം വിറകടപ്പിലേക്ക് മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. സമീപകാലത്തിറങ്ങിയ ബ്ലോവർ മാതൃകയിലുള്ള വിറകടപ്പ് ഹോട്ടലുകൾക്ക് പ്രയോജനകരമായേക്കും. എന്നാൽ പുകയും പൊടിയുമൊക്കെ വീണ്ടും തിരിച്ചെത്തുന്നത് സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}