വേങ്ങര: പതിനാലാം വയസ്സിൽ വിശുദ്ധ ഖുർആൻ മുഴുവനായും മനപ്പാഠമാക്കി വിസ്മയമാവുകയാണ് മുഹമ്മദ് യാസീൻ. വേങ്ങര മനാറുൽ ഹുദാ അറബിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി & റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ യാസീൻ, ഹിഫ്ള് പൂർത്തീകരണം പൂർത്തിയാക്കിയതിനെത്തുടർന്ന് അക്കാദമിയിൽ വെച്ച് പ്രൗഢമായ അനുമോദന സദസ്സ് സംഘടിപ്പിച്ചു.
അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് സിദ്ദീഖ് കണ്ണാടിപ്പടി - ഇല്ലിക്കോടൻ റംല ദമ്പതികളുടെ ഇളയ മകനാണ് മുഹമ്മദ് യാസീൻ. സാദ് ഖുർആൻ അക്കാദമിയിൽ നിന്നും ഖുർആൻ മനപ്പാഠമാക്കുന്ന എട്ടാമത്തെ ഹാഫിളാണ് യാസീൻ.
മനാറുൽ ഹുദാ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഫവാസ് നദ്‌വി ആമുഖ പ്രഭാഷണം നടത്തി. മനാറുൽ ഹുദാ പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
അധ്യാപകരായ നിസാമുദ്ദീൻ, ഇഹ്സാൻ, എൻ.ടി. ബാബു, സിദ്ദീഖ് പനക്കത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രമുഖ വ്യക്തിത്വങ്ങളായ എ.ബി.സി. മുജീബ്, കെ. ഹാറൂൺ റഷീദ്, പി.കെ. ആബിദ് സലഫി, അവറാൻകുട്ടി പാലപ്പുറ, അബ്ദുറഹ്മാൻകുട്ടി പറമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു. കുറഞ്ഞ കാലയളവിനുള്ളിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ യാസീന്റെ നേട്ടത്തെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു.