മക്ക: ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയം ‘നുസ്ക് കാർഡ്’ വഴി പ്രത്യേക ഓഫറുകളും ഇളവുകളും പ്രഖ്യാപിച്ചു. തീർത്ഥാടന അനുഭവം കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് മന്ത്രാലയം ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
രാജ്യത്തെ പ്രമുഖ ദേശീയ സ്ഥാപനങ്ങളുമായി ചേർന്നാണ് നുസ്ക് കാർഡ് ഉടമകൾക്ക് വിപുലമായ ഓഫറുകൾ ഉറപ്പാക്കുന്നത്. റീട്ടെയിൽ വ്യാപാരം, ഗതാഗതം, കാറ്ററിങ്, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിനോദം തുടങ്ങിയ മേഖലകളിലെ മുൻനിര സ്ഥാപനങ്ങൾ ഈ പദ്ധതിയുടെ ഭാഗമാകും.
‘നുസ്ക്’ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഈ സ്ഥാപനങ്ങൾ വഴി ഗുണമേന്മയുള്ള സേവനങ്ങളും സവിശേഷമായ ഇളവുകളും തീർത്ഥാടകർക്ക് ലഭ്യമാക്കും. ഹജ്ജ് മന്ത്രാലയത്തിനും ബിസിനസ് സമൂഹത്തിനും ഇടയിലുള്ള സുപ്രധാന കണ്ണിയായി വാണിജ്യ ചേംബറുകൾ ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നു.
പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും തീർത്ഥാടകർക്കായി ഒരുക്കിയിട്ടുള്ള വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും നുസ്ക് കാർഡ് നിർബന്ധമാണ്. തീർത്ഥാടകരുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി പ്രവർത്തിക്കുന്ന ഈ കാർഡ്, ഹജ്ജ് കർമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ സഹായിക്കുന്നു.
സൗദിയിൽ എത്തുന്ന സമയം മുതൽ പുണ്യസ്ഥലങ്ങളിലെ താമസം കഴിഞ്ഞ് മടങ്ങുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഈ കാർഡ് കൈവശം വെക്കണമെന്ന് മന്ത്രാലയം നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ തീർത്ഥാടകർക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ ആരാധനാകർമങ്ങൾ നിർവഹിക്കാൻ സാധിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.