മലപ്പുറം: ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജ് നിർവഹിച്ച തീർഥാടകർക്ക് ബാക്കി വന്ന തുക കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരിച്ചു നൽകിത്തുടങ്ങി. എല്ലാവർക്കും തുക തിരിച്ച് നൽകുന്ന നടപടി പൂർത്തീകരിക്കാൻ സമയമെടുക്കും. അപേക്ഷകർ അവരുടെ അപേക്ഷയിൽ രേഖപ്പെടുത്തിയ കവർ ഹെഡിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം തിരിച്ചുനൽകുക.
മക്കയിൽ ലഭിച്ച താമസം, മറ്റു സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് അതിനനുസരിച്ച തുകയാണ് തിരികെ നൽകുന്നത്. വിദേശ വിനിമയ നിരക്കിലെ വ്യത്യാസം, മിനയിലെ ട്രെയിൻ സൗകര്യം, താമസ സൗകര്യം, മദീനയിലെ മർക്കസിയക്ക് പുറത്തുള്ള താമസം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് തീർഥാടകർക്കുള്ള റീഫണ്ട് തുക ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കണക്കാക്കുന്നത്. റീഫണ്ടിന് അർഹരായവർക്ക് അപേക്ഷയിൽ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പറിലേക്കാണ് തുക തിരിച്ചുനൽകുന്നത് എന്നതിനാൽ ഇതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല.