തിരുവനന്തപുരം: അങ്ങിങ്ങ് വേനൽമഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് കനത്ത ചൂട് തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും യെലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ് ഇത്.
അൾട്രാവയലറ്റ് (യുവി) വികിരണത്തോതും അപകടകരമായ രീതിയിൽ ഉയരുകയാണ്. കോന്നി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സൂചിക 8 രേഖപ്പെടുത്തി. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ വികിരണമുള്ളതിനാൽ ജാഗ്രത പാലിക്കണം. യെലോ അലർട്ട് (സൂചിക 6-7): കൊട്ടാരക്കര, ചങ്ങനാശേരി, കളമശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ. ജാഗ്രത പാലിക്കേണ്ട മറ്റിടങ്ങൾ : ധർമടം, ഉദുമ (സൂചിക 5), വിളപ്പിൽശാല (സൂചിക 4).
23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വേനൽമഴയ്ക്കു സാധ്യതയുണ്ട്. മഴയ്ക്കൊപ്പം മിന്നലും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിൽ മരങ്ങൾ മറിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.