തിരൂരങ്ങാടി: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ മലപ്പുറം തിരൂരങ്ങാടിയിൽ എട്ടു വയസ്സുകാരന് സൂര്യാഘാതമേറ്റു. കെ.സി. റോഡ് സ്വദേശികളായ വട്ടപറമ്പൻ അസീസ് - ഫരീദ ദമ്പതികളുടെ മകൻ അദ്നാനാണ് പൊള്ളലേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കുട്ടിയുടെ കൈമടക്കുകൾക്ക് സമീപമാണ് സൂര്യാഘാതമേറ്റ് പൊള്ളലുകൾ രൂപപ്പെട്ടത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
വേനൽച്ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.