സംസ്ഥാനത്ത് അനുഭവപ്പെടുന്ന കഠിനമായ വേനൽച്ചൂട് കോഴി-ക്ഷീര കർഷകരെ കടുത്തപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ചൂട് അസഹനീയമായതോടെ ഫാമുകളിൽ കോഴികൾ വൻതോതിൽചത്തൊടുങ്ങുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താപനില ക്രമാതീതമായി ഉയർന്നത് കോഴികളുടെ അതിജീവനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചൂട് ലഘൂകരിക്കാനായി ഫാനുകൾ സ്ഥാപിക്കുന്നതിനും മേൽക്കൂരകളിൽ പുല്ലും തെങ്ങോലയും വിരിക്കുന്നതിനും വലിയ തോതിൽ പണം ചെലവാക്കേണ്ടി വരുന്നത് ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിക്കുന്നു.
എന്നാൽ കോഴിവിലയിലെ ഇടിവ് കർഷകർക്ക് തിരിച്ചടിയാവുകയാണ്. നഷ്ടത്തിലായ കർഷകർക്ക് അടിയന്തരമായി ആശ്വാസധനം നൽകണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം, മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ പശുക്കൾ ചൂട് താങ്ങാനാവാതെ കുഴഞ്ഞുവീഴുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. എടക്കര, വഴിക്കടവ് പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പശുക്കളാണ് കൊടുംചൂടിൽ തളർന്നു വീണത്.
അത്യുഷ്ണത്തിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്ന് സീനിയർ വെറ്ററിനറി വിദഗ്ദർ മുന്നറിയിപ്പ് നൽകി. പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. തൊഴുത്തുകളിൽ കാറ്റോട്ടം ഉറപ്പാക്കുന്നതിനൊപ്പം സ്പ്രിംഗ്ലറുകൾ ഉപയോഗിച്ച് മേൽക്കൂരകൾ നനയ്ക്കുന്നതും ശരീര താപനില കുറയ്ക്കാൻ സഹായിക്കും.
പശുക്കളുടെ ഭക്ഷണത്തിൽ ഉപ്പ് ചേർത്ത് നൽകുന്നത് നിർജ്ജലീകരണം തടയാൻസഹായിക്കുമെന്നും പശുക്കൾക്ക് ധാരാളം വെള്ളവും വൈറ്റമിൻ എ, പ്രോട്ടീൻ എന്നിവ അടങ്ങിയ പോഷകാഹാരവും ഉറപ്പാക്കണമെന്നും അധികൃതർ.