വേങ്ങര: പുത്തനങ്ങാടി പതിനഞ്ചാം വാർഡ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. കണ്ണാട്ടിപടി ടർഫിൽ ശനിയാഴ്ച രാത്രി 9 മണിക്ക് ആരംഭിച്ച ടൂർണമെന്റ് വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാർഡ് മെമ്പർ ഉമ്മർ കൈപ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിവിധ ടീമുകളിലായി അമ്പതോളം പ്രമുഖ കളിക്കാർ അണിനിരന്ന ടൂർണമെന്റിൽ അഞ്ച് കരുത്തുറ്റ ടീമുകളാണ് മാറ്റുരച്ചത്. രാത്രിയെ പകലാക്കിയ പോരാട്ടവീര്യത്തിൽ ഒന്നിനൊന്ന് മികച്ച 10 ആവേശകരമായ മത്സരങ്ങളാണ് ടർഫിൽ അരങ്ങേറിയത്. പുലർച്ചെ 4:30 വരെ നീണ്ടുനിന്ന കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ, മാനേജർ റഹൂഫിന്റെ തന്ത്രപരമായ നേതൃത്വത്തിൽ കളത്തിലിറങ്ങിയ 'റെഡ് ആർമി' ടൂർണമെന്റിലെ പ്രഥമ കിരീടം സ്വന്തമാക്കി.
ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ കമ്മിറ്റി ഭാരവാഹികൾ ജേതാക്കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കളിക്കാരുടെയും കാണികളുടെയും വൻ പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് ഏറെ ശ്രദ്ധേയമായി.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ അച്യുതൻ, വിട്ടി മൊയ്‌ദീൻ, ചന്ദ്രമോഹൻ, മുൻ മെമ്പർ ആസ്യാ മുഹമ്മദ് എന്നിവരും അൻവർ മാട്ടിൽ, ഷാഫി ഇ, ഷുക്കൂർ എം, അസീസ് കൈപ്രൻ, സമദ് കുറുക്കൻ, സൽമാൻ ഫാരിസ് കെ, മൊയ്‌ദീൻ, ഷുക്കൂർ എ കെ, മുത്തു കാട്ടിൽ, മസൂദ് പി.പി, അലി കാട്ടിൽ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.