വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വെക്കേഷൻ ട്യൂഷൻ ക്ലാസിന് നേതൃത്വം നൽകിയ അധ്യാപിക ഷജിലാ സൽമാൻ കരുമ്പിലിനെ ആദരിച്ചു. വാർഡ് മെമ്പർ സബ്ന ഇബ്രാഹീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ മാതൃകാപരമായ വിദ്യാഭ്യാസ പദ്ധതിയുടെ സമാപന ദിനത്തിലാണ് അധ്യാപികയ്ക്ക് സ്നേഹാദരം നൽകിയത്.
കഴിഞ്ഞ രണ്ട് മാസമായി വാർഡിലെ അങ്കണവാടിക്ക് മുകളിലുള്ള ഹാളിലായിരുന്നു ക്ലാസുകൾ നടന്നത്. തികച്ചും സന്നദ്ധ സേവനമെന്ന നിലയിൽ സൗജന്യമായാണ് അധ്യാപിക വിദ്യാർഥികളെ പഠിപ്പിച്ചത്. നാൽപ്പതോളം കുട്ടികളാണ് ഈ വെക്കേഷൻ ക്ലാസിന്റെ പ്രയോജനം തേടിയത്. ഇതിൽ സാമ്പത്തിക ശേഷിയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾ സന്നദ്ധരായി നൽകിയ ചെറിയ തുക അധ്യാപികയ്ക്കുള്ള വേതനമായി ചടങ്ങിൽ കൈമാറി.
ലാസിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സെൻഡ്ഓഫ് ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികളും രക്ഷിതാക്കളും പദ്ധതിയെക്കുറിച്ചും അധ്യാപികയുടെ അധ്യാപന മികവിനെക്കുറിച്ചും മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി അധ്യാപിക ഷജിലാ സൽമാൻ സന്തോഷം പങ്കിട്ടു.
ചടങ്ങിൽ മുൻ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ചെള്ളി അവറാൻ കുട്ടി, ഇബ്രാഹീം എ.കെ എന്നിവരും നിരവധി വിദ്യാർഥികളും രക്ഷിതാക്കളും സംബന്ധിച്ചു.